മൂലധന നിക്ഷേപത്തിന് ചുവപ്പ് പരവതാനി വിരിച്ച് പിണറായിയുടെ ‘നവകേരളത്തിനുള്ള പുതുവഴികൾ’
text_fieldsകൊല്ലം ടൗൺ ഹാളിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനെത്തിയ പി.ബി. അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും വൃന്ദ കാരാട്ടും സൗഹൃദ സംഭാഷണത്തിൽ zപി.ബി.ബിജു
കൊല്ലം: വൻകിട പദ്ധതികൾ, വിദേശനിക്ഷേപം, വിദേശവായ്പ എന്നിവയോടുള്ള പരമ്പരാഗത സമീപനങ്ങളിൽ കാലോചിതമാറ്റം നിർദേശിച്ച് സി.പി.എം രേഖ. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പുതുവഴികൾ’ രേഖയിലാണ് ഇക്കാര്യമുള്ളത്. വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലടക്കം മൂലധന നിക്ഷേപം സ്വീകരിച്ച് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആറുഭാഗങ്ങളുള്ള നയരേഖ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യ മേഖലയിലടക്കം കുതിച്ചുചാട്ടമുണ്ടാക്കി മധ്യവർഗത്തിന്റെ പിന്തുണ നേടുക ലക്ഷ്യമിട്ടുള്ള രേഖ മൂന്നാം ഇടതു സർക്കാറിന്റെ അടിത്തറയെന്നോണമാണ് അവതരിപ്പിച്ചത്.
കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച ‘നവ കേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ രേഖയെ സംബന്ധിച്ചതാണ് രേഖയിലെ ആദ്യഭാഗം. പ്രസ്തുത രേഖയിലെ എന്തെല്ലാം നിർദേശങ്ങൾ ഇതിനോടകം സർക്കാർതലത്തിൽ തുടങ്ങിയെന്നും അതിന്റെ നേട്ടങ്ങൾ എന്തെല്ലാം എന്നും വിശദീകരിച്ച്, വൈജ്ഞാനിക സമൂഹമാക്കാൻ സ്വകാര്യ സർവകലാശാലക്ക് നടപടികളായതും കേരളത്തെ വ്യവസായ സൗഹൃദ മേഖലയാക്കി സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരളയിൽ ഒന്നരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതും പിണറായി ചൂണ്ടിക്കാട്ടി. കേരള വികസനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലും അതിനെ തുടർന്നുള്ള മുന്നേറ്റവുമാണ് രണ്ടാം ഭാഗം. ഐക്യ കേരളത്തിന് മുമ്പേയുള്ള പാർട്ടിയുടെ ഇടപെടൽ മുതൽ ആദ്യ ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നതും ജന്മിത്തം അവസാനിപ്പിച്ച് കുടികിടപ്പുകാരെ ഭൂമിയുടെ അവകാശികളാക്കിയതടക്കമാണ് ഇതിൽ പറയുന്നത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോഴുള്ള കേരളത്തിന്റെ അവസ്ഥ ഡേറ്റ നിരത്തി പ്രതിപാദിക്കുകയാണ് മൂന്നാം ഭാഗത്ത്. യു.ഡി.എഫ് സർക്കാർ പാതിവഴിയിലുപേക്ഷിച്ച ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൂടംകുളം വൈദ്യുതിലൈൻ എന്നിവയടക്കം എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കിയതും ഇവിടെ പറയുന്നു.
എട്ടു വർഷത്തിലേറെ നീണ്ട എൽ.ഡി.എഫ് ഭരണത്തിലെ ആശ്വാസ പദ്ധതികൾ, കിഫ്ബിയിലടക്കം ഉൾപ്പെടുത്തിയുള്ള വികസന കുതിച്ചുചാട്ടം എന്നിവയാണ് നാലാം ഭാഗത്ത് പ്രതിപാദിക്കുന്നത്.
കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നത് സൃഷ്ടിക്കുന്ന ആഘാതമാണ് അഞ്ചാം ഭാഗം. ഇതിനെതിരെ ഡൽഹിയിലടക്കം മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സമരം നടത്തിയും നിയമസംവിധാനങ്ങളിലൂടെ നടത്തിയ പ്രതിരോധവും രേഖ വിശദീകരിക്കുന്നു.
വിദ്യാഭ്യാസ, വ്യവസായ, ടൂറിസം, ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബദൽ നയങ്ങളും അതിനെ തുടർന്നുള്ള പുരോഗതിയുമാണ് ആറാം ഭാഗം. വിജ്ഞാന സമൂഹവും വിജ്ഞാന സമ്പദ് വ്യവസ്ഥയും എന്ന് പറഞ്ഞവസാനിപ്പിക്കുന്ന രേഖ കേരളത്തിന്റെ വികസന നിലവാരം വികസിത - അർധ വികസിത രാജ്യങ്ങളിലേതിന് സമാനമായി ഉയർത്തുമെന്നും സാക്ഷ്യപ്പെടുത്തുന്നു. രേഖയിന്മേൽ ശനിയാഴ്ച പ്രതിനിധികൾ നടത്തുന്ന ചർച്ചക്ക് ഞായറാഴ്ച മുഖ്യമന്ത്രി മറുപടി നൽകും. സമ്മേളനം അംഗീകരിക്കുന്ന രേഖ പിന്നീട് പ്രസിദ്ധപ്പെടുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.