Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നയരേഖ...

സി.പി.എം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വം-എസ്.ഡി.പി.ഐ

text_fields
bookmark_border
സി.പി.എം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വം-എസ്.ഡി.പി.ഐ
cancel

തിരുവനന്തപുരം: സി.പി.എം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വം കൂടുതല്‍ പ്രകടമാക്കുന്നതാണെന്ന് എസ്.ഡി.പി.ഐ. മോദി സര്‍ക്കാര്‍ ക്ലാസിക് ഫാഷിസ്റ്റുകളുമല്ല നവ ഫാഷിസ്റ്റുകളുമല്ല എന്നാണ് നയരേഖ പറയുന്നത്. ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയെ വിശകലനം ചെയ്യുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്.

വംശീയ ഉന്മൂലന ലക്ഷ്യം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാഷിസ്റ്റ് സംഘടനയാണ് ആർ.എസ്.എസ്. അവരുടെ നേതൃത്വത്തില്‍ നൂറു വര്‍ഷം പിന്നിടുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് ആശയഗതി അധികാര ലബ്ദിക്കുശേഷം പത്തു വര്‍ഷം പിന്നിടുമ്പോള്‍ സമ്പൂര്‍ണമായ സമഗ്രാധിപത്യത്തിലേക്ക് രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തുന്ന ഘട്ടത്തിലാണുള്ളത്.

ഒറ്റ രാജ്യം, ഒരു ജനത, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയില്‍ ആർ.എസ്.എസിന്റെ പ്രഖ്യാപിതമായ മനുസ്മൃതിയന്‍ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും അവരോട് ഇന്ത്യയിലെ സി.പി.എമ്മിന്റെ നിലപാട് വസ്തുനിഷ്ടമല്ല എന്നതുകൊണ്ടു തന്നെ അത് പരിഹാസ്യമാണ്. അധികാരം നേടിയ ശേഷം സംഘപരിവാരം പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ത്തിക്കൊണ്ടുവന്ന മുഴുവന്‍ പരിഷ്‌കരണങ്ങളും പ്രബല ന്യൂനപക്ഷങ്ങളെയും ദലിതരെയും പാര്‍ശ്വവല്‍കൃതരെയും ഇന്ത്യയില്‍ അടിച്ചമര്‍ത്താനും ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതികളാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

മനുസ്മൃതി വിഭാവനം ചെയ്യുന്ന ജീര്‍ണമായ പൗരാണിക ചാതുര്‍വര്‍ണ്യ സാമൂഹിക വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുന്നതിന് ഹിന്ദുത്വമെന്ന് അവര്‍ വിളിക്കുന്ന ബ്രാഹ്മണ്യ കേന്ദ്രീകൃതമായ ഫാഷിസത്തിലേക്കുള്ള ചുവടുവെപ്പാണെന്നതിന്റെ ലക്ഷണങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സി.പി.എം 24 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രേഖ ഇന്ത്യന്‍ ഫാഷിസത്തിനെതിരേ ഉയരുന്ന ബഹുജന്‍ സംഘാടനങ്ങളെ നേര്‍പ്പിച്ചു കളയാനും അതിനെ ദുര്‍ബലമാക്കാനും ഉള്ളതാണ്.

മറിച്ചൊരു സമീപനം ആർ.എസ്.എസിനോടും അവരുടെ ഭരണകൂടത്തിന്റെയും സൈനീക ബലത്തിന്റെയും പേരില്‍ നടക്കുന്ന കൂട്ടക്കുരുതികള്‍ക്കും വംശഹത്യകള്‍ക്കും എതിരെയുള്ള പോരാട്ടമാണ് സി.പി.എം നിലപാടെങ്കില്‍ അതിനെ ഐക്യപ്പെടുത്താനായിരുന്നു അവര്‍ ശ്രമിക്കേണ്ടിയിരുന്നത്. സി.പി.എമ്മിന് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത സ്ഥിതിയില്‍ കേരളത്തില്‍ മാത്രമെങ്കിലും നിലനില്‍ക്കണമെന്ന രാഷ്ട്രീയ മോഹം മാത്രം ലക്ഷ്യം വെച്ച് ആർ.എസ്.എസുമായി ഒത്തുപോകാനുള്ള അടവുനയമാണിത്.

ആർ.എസ്.എസ് ഒരു ഫാഷിസ്റ്റ് സംഘടനയല്ലെന്ന അഭിപ്രായം സി.പി.എമ്മിനുണ്ടോ എന്ന് അവര്‍ വ്യക്തമാക്കണം. 2014 ല്‍ അധികാരത്തിലെത്തിയ ശേഷം അവര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന പദ്ധതികളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും സംശയമുണ്ടെന്നാണോ അവര്‍ പറയാതെ പറയുന്നത്. രാജ്യത്തിന്റെ സകല സംവിധാനങ്ങളെയും കൈപ്പിടിയിലൊതുക്കി രാജ്യം ഏതു നിമിഷവും ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിലേക്ക് ചെന്നെത്തും എന്ന സന്ദിഗ്ധ ഘട്ടത്തിലെങ്കിലും സി.പി.എമ്മിന് യാഥാര്‍ഥ്യ ബോധം ഉണ്ടാവുന്നില്ലെങ്കില്‍ അവര്‍ സംഘപരിവാരവും അവര്‍ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണിസവുമായി സന്ധിയായിരിക്കുന്നു എന്നു മാത്രമാണ് പറയാനുള്ളതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ പ്രസ്താവനയിൽ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiCPM policy
News Summary - CPM Policy Line Loyalty to Brahmin-SDPI
Next Story