ഇ.പി: ഇന്ന് പി.ബിയിൽ ചർച്ച; പുറമെ നിഷേധിച്ച് നേതാക്കൾ
text_fieldsന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിന്‍റെ ചൂടിൽ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം. പാർട്ടിയെ പരിക്കേൽപിച്ച വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം നേതാക്കളുമായി ചർച്ച ചെയ്തു. ഇതിനു പിന്നാലെ പോളിറ്റ് ബ്യൂറോ യോഗത്തിൽ ബുധനാഴ്ച വിഷയത്തിന്മേൽ ചർച്ച നടക്കും.
അതേസമയം, വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ല. കേന്ദ്ര കമ്മിറ്റിയുടെ പരിശോധനക്ക് വിടുന്ന തീരുമാനം പി.ബി കൈക്കൊള്ളാനാണ് സാധ്യത. ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം ഉൾപ്പെട്ട സമിതി അതാണെന്നിരിക്കെ, ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ ചർച്ചക്കു വെക്കും.
വിഷയത്തിൽ പോളിറ്റ് ബ്യൂറോയിൽ ചർച്ചയുണ്ടാകുമെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്തെ പൊതു രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അതിൽ കേരളത്തിലെ വിഷയങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപണം പാടെ നിഷേധിച്ചു. മാധ്യമസൃഷ്ടിയായ ആരോപണത്തെക്കുറിച്ച് പി.ബിയിൽ ഒരു ചർച്ചയുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇ.പിക്കെതിരായ വാർത്തകൾ നിഷേധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, മാധ്യമങ്ങൾ പറയുന്നത് നിഷേധിക്കലല്ല തന്‍റെ പണിയെന്നായിരുന്നു മറുപടി.
കൂടുതൽ പ്രതികരണങ്ങൾക്ക് നേതാക്കൾ തയാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വാർത്തസമ്മേളനം വരെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയത്. അതേസമയം, പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെ എ.കെ.ജി ഭവനിൽ എത്തി അദ്ദേഹം യെച്ചൂരിയുമായി ചർച്ച നടത്തി. തുടർന്ന് കേരള ഹൗസിലേക്ക് മടങ്ങി. മൂന്നരയോടെ പി.ബി യോഗത്തിന് എത്തി.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ആദ്യ ദിവസം മുൻകൂട്ടി തീരുമാനിച്ച അജണ്ടയിന്മേലുള്ള ചർച്ചകളായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ഇ.പി വിഷയം യോഗം പരിഗണിക്കുന്നത്. എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഒരാൾക്കെതിരെ ഗുരുതര ആരോപണം ഉയരുമ്പോൾ സംസ്ഥാന സെക്രട്ടറി പുറമെ നിഷേധിക്കുമ്പോഴും പോളിറ്റ് ബ്യൂറോക്ക് ചർച്ചക്ക് എടുക്കാതിരിക്കാനാവില്ല. പിണറായിക്കും എം.വി. ഗോവിന്ദനും പുറമെ കേരളത്തിൽനിന്ന് എം.എ. ബേബി, എ. വിജയരാഘവൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.