കുറ്റ്യാടിയും പൊന്നാനിയും ഇടഞ്ഞു തന്നെ; പാർട്ടി ചിഹ്നങ്ങൾ ഓഫിസിന് മുന്നിലിട്ട് കത്തിച്ചു
text_fieldsവടകര/പൊന്നാനി: കുറ്റ്യാടിയിലും പൊന്നാനിയിലും പാർട്ടി അണികളുടെ പ്രതിഷേധം രൂക്ഷമായി തുടരുന്നു. സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിനെതിരെ കുറ്റ്യാടിയിൽ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് പ്രവർത്തകർ തെരുവിലിറങ്ങിയപ്പോൾ പൊന്നാനിയിൽ ടി.എം. സിദ്ദീഖിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ചിഹ്നങ്ങളും പോസ്റ്ററുകളും കത്തിച്ചു.
പൊന്നാനിയിൽ വെളിയങ്കോട് പത്തുമുറി ബ്രാഞ്ചിലാണ് പ്രതിഷേധം നടന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫിസിലുണ്ടായിരുന്ന പാർട്ടി ചിഹ്നങ്ങളുൾപ്പെടെ ഓഫിസിന് മുന്നിലിട്ട് കത്തിച്ചത്. കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഇത്. പത്തുമുറി പ്രവാസി കൂട്ടായ്മയുടെ ഓഫിസിനോട് ചേർന്നാണ് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നത്.
കുറ്റ്യാടിയുടെ മണ്ണില്‍ രണ്ടില കുഴിച്ചുമൂടുമെന്നായിരുന്നു പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. ഇതിനിടെ, മണ്ഡലത്തിലെ ചില ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് ആയഞ്ചേരി സി.പി.എം ഓഫിസില്‍ നടക്കേണ്ടിയിരുന്ന കുറ്റ്യാടി മണ്ഡലം എല്‍.ഡി.എഫ് യോഗം മാറ്റിവെച്ചു.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്. ഇതിനിടെ, കുറ്റ്യാടി ഒഴിച്ചിട്ടാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.
മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ.ആർ. ജയാനന്ദക്കെതിരെ വീണ്ടും പ്രതിഷേധമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.