പുതുപ്പള്ളി തിരിച്ചുപിടിക്കാനൊരുങ്ങി സി.പി.എം; ജെയ്ക്ക് സി.തോമസ് തന്നെ അങ്കത്തിന്
text_fieldsകോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9,044 -ആക്കി ചുരുക്കിയ ജെയ്ക്ക് സി. തോമസിനെ വീണ്ടും അങ്കത്തിനിറക്കാൻ സി.പി.എം. ഇതിനകം തന്നെ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പുതുപ്പള്ളിയിലെ പഞ്ചായത്തുകളുടെ ചുമതല വീതം വച്ചു നൽകി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവർത്തിക്കാനാണ് തീരുമാനം. ജെയ്ക്ക് സി.തോമസിനോട് മണർകാട് കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സി.പി.എം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇത്തവണ മത്സരം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടിരുന്നു. എന്നാലിത്തരം പ്രസ്താവനകളെ ഇടതുമുന്നണി ഗൗരവത്തിലെത്തിട്ടില്ല.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാൻ തന്നെയാണ് സി.പി.എം തീരുമാനം. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ചുമതലകൾ നൽകി പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ പാർട്ടി തീരുമാനമെടുത്തത്. പുതുപ്പള്ളിയിൽ എട്ടു പഞ്ചായത്തുകളാണുളളത്. ആറിടത്തും ഭരണം ഇടതു മുന്നണിക്കാണ്. ഇതുകണക്കിലെടുത്താൽ പുതുപ്പള്ളി സ്വന്തമാക്കാൻ എളുപ്പമാണെന്നാണ് സി.പി.എം പ്രതീക്ഷ. നിലവിൽ, ഉമ്മൻ ചാണ്ടി എന്ന സഹതാപ തരംഗത്തിെൻറ സാധ്യതയും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകൾ തോറും യോഗം ചേരും. ഉടൻ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേതൃത്വത്തിൽ മണ്ഡലത്തിലെ നേതാക്കളുടെ യോഗം ചേരും. ഇതോടെ പരസ്യമായി തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനം മണ്ഡലത്തിൽ വ്യാപിപ്പിക്കും. ഇതെസമയം, കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചാണ്ടി ഉമ്മന് തന്നെയാണ് സാധ്യത. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ ഈ വിഷയത്തിൽ തർക്കങ്ങളില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.