Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം...

സി.പി.എം പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനേക്കാൾ വലിയ വർഗീയത -എം.ഐ. അബ്ദുൽ അസീസ്

text_fields
bookmark_border
സി.പി.എം പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനേക്കാൾ വലിയ വർഗീയത -എം.ഐ. അബ്ദുൽ അസീസ്
cancel
camera_alt

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്

കോഴിക്കോട്: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് കേരളത്തിൽ സംഘ്പരിവാറിനേക്കാൾ വലിയ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം സംഘ്പരിവാറിനേക്കാൾ വലിയ വർഗീയത കാണിക്കുന്നതിന് കനത്ത വില നൽകേണ്ടി വരും. സ്വന്തം രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരസ്ഥാനത്ത് നിർത്തി, ഇസ്‌ലാമോഫോബിയ പരത്തുന്നത് സി.പി.എമ്മിൻെറ പതിവുരീതിയാണ്. സംഘ്പരിവാറിനെതിരെ വലിയവായിൽ സംസാരിക്കുകയും പിന്നാക്ക ന്യൂനപക്ഷങ്ങളെ മൂലധനമായി സ്വീകരിക്കുകയും എന്നാൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിൽ സി.പി.എം തുടരുന്നത്. കോടിയേരിയുടെ വാർത്താ സമ്മേളനവും ധൃതിപിടിച്ച് നടപ്പിലാക്കിയ മുന്നാക്ക സംവരണവും അതിൻെറ പ്രത്യക്ഷ ഉദാഹരണമാണ്.

അങ്ങേയറ്റം അഴിമതിയിൽ ആണ്ടുകിടക്കുന്ന സർക്കാറിൻെറയോ അതിനെ നയിക്കുന്ന സി.പി.എമ്മിൻെറയോ ഗുഡ് സർട്ടിഫിക്കറ്റ് ആർക്കും ആവശ്യമില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്നോളമുള്ള സാമൂഹ്യ ഇടപെടലുകൾ സുതാര്യവും തെളിമയുള്ളതുമാണ്. രാജ്യത്തിൻെറ പൊതുനൻമയും മതനിരപേക്ഷതയും മുന്നിൽകണ്ട് മാനവികവും ജനാധിപത്യപരവുമായ ഇടപെടലുകൾ നടത്താൻ ജമാഅത്തെ ഇസ്‌ലാമി സാധ്യതയനുസരിച്ച് ശ്രമിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുമായി മുൻകാലങ്ങളിൽ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്ന സി.പി.എം പ്രസ്താവന പരിഹാസ്യമാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്ന കാലത്ത് ജമാഅത്ത് ഇടത് -വലത് മുന്നണികളിൽപെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവരത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2006ലും 2011ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത് മൊത്തത്തിൽ എൽ.ഡി.എഫിനെയായിരുന്നു. സി.പി.എമ്മിൻെറയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കൾ നടത്തിയ സംസാരത്തിൻെറയും പരസ്പര ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ പിന്തുണയെന്നിരിക്കെ ഇപ്പോൾ ജമാഅത്തിൽ വർഗീയ ആരോപിക്കുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിരന്തരമായി ആവർത്തിക്കുന്ന വർഗീയ കലാപങ്ങളിലോ തീവ്രവാദ പ്രവർത്തനങ്ങളിലോ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുള്ളതായി ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരിക്കെ അക്രമവാഴ്ചയും കൊലപാതക രാഷ്ട്രീയവും കൈമുതലായുള്ള സി.പി.എം ജമാഅത്തെ ഇസ്‌ലാമിക്കുമേൽ തീവ്രവാദചാപ്പ ചാർത്തുന്നതിലെ അപഹാസ്യം പൊതുസമൂഹത്തിന് തിരിച്ചറിയാനാകും. ന്യൂനപക്ഷവിരുദ്ധ സമീപനങ്ങൾ കാരണം കാലങ്ങളായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ ചോരുന്നതിന് ജമാഅത്തെ ഇസ്‌ലാമിയെ പഴിച്ചിട്ടെന്ത് കാര്യമെന്നും അമീർ ചോദിച്ചു.

രാജ്യത്താകമാനം വർഗീയ ഫാഷിസം ആഞ്ഞടിച്ചുകൊണ്ടിരിക്കെ അതിനെതിരെ നിലപാട് സ്വീകരിക്കാൻ സന്നദ്ധമാണോ എന്നത് മാത്രമാണ് സി.പി.എമ്മിൻെറ കേരളത്തിലെ പ്രസക്തിയെന്നും അതിന് പകരം സംഘ്പരിവാരിന്റെ ബി ടീമാകാനാണ് താൽപര്യമെങ്കിൽ മതനിരപേക്ഷ ജനാധിപത്യ സമൂഹം സി.പി.എമ്മിന് മറുപടി നൽകുമെന്നും അമീർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangh Parivarjamaat islamiCPMMI. Abdul Aziz
News Summary - CPM propagates communalism than Sangh Parivar -MI. Abdul Aziz
Next Story