സി.പി.എം ഭീകര പാർട്ടിയാണെന്ന് തെളിഞ്ഞു; കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എം.എൽ.എ വരെ ശിക്ഷിക്കപ്പെട്ടതോടെ സി.പി.എം ഭീകര പാർട്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിധിക്കെതിരെ രംഗത്ത് വന്ന സി.പി.എം സംസ്ഥാന-ജില്ല നേതൃത്വങ്ങളുടെ നിലപാട് അവരുടെ അധപതനത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്. സി.ബി.ഐക്കെതിരെ രംഗത്ത് വന്നത് കൊണ്ട്, ചെയ്ത കുറ്റം മായ്ച്ചുകളയാൻ സാധിക്കുകയില്ലെന്ന് സി.പി.എം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് ഈ കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്. കേസ് അട്ടിമറിക്കാനാണ് ലോക്കൽ പൊലീസ് തുടക്കം മുതൽ ശ്രമിച്ചത്. സി.ബി.ഐ അന്വേഷണം തടയാൻ കോടികളാണ് സംസ്ഥാന ഖജനാവിൽനിന്നു പിണറായി സർക്കാർ പൊടിച്ചു കളഞ്ഞത്. നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് കൊണ്ട് മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ശിക്ഷിക്കപ്പെടുന്നത്. കോൺഗ്രസ് പ്രവർത്തകർക്ക് വരെ നീതി ലഭിക്കാൻ മോദി വരേണ്ടി വന്നു. കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ പരസ്പര സഹായത്തിലൂടെ സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇൻഡ്യ സഖ്യത്തിൽനിന്നു സി.പി.എമ്മിനെ പുറത്താക്കാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല. കേരളത്തിൽ കോൺഗ്രസുകാരെ വാളുകൊണ്ട് തീർക്കുന്ന സി.പി.എമ്മുകാർ, ദില്ലിയിൽ കോൺഗ്രസിന്‍റെ സൽക്കാരം ഏറ്റുവാങ്ങുകയാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ മോദി സർക്കാറെടുത്ത ശക്തമായ നടപടികളെ അഭിനന്ദിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠനുമടക്കം നാലു സി.പി.എം നേതാക്കൾക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.
കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് 2024 ഡിസംബർ 28ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരാണ് കുറ്റക്കാർ. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.