പി. ജയരാജന്റെ `മോർച്ചറി പ്രയോഗം' തള്ളി എം.വി. ഗോവിന്ദൻ
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജെൻറ ``മോർച്ചറി പ്രയോഗം'' തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇങ്ങോട്ട് ഏതെങ്കിലും രീതിയിലുളള കടന്നാക്രമണം ആരെങ്കിലും നടത്തിയാലും അങ്ങോട്ട് അതേ രീതിയിൽ പ്രതികരിക്കേണ്ടെന്നാണ് സി.പി.എം നിലപാട്. ഇത്, നേരത്തെ കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പ്രകോപനം ഉണ്ടാക്കി മനപ്പൂർവം സംഘർഷം ഉണ്ടാക്കാൻ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യുവമോർച്ച നേതാവ് നടന്ന പ്രകോപനപരമായ പ്രസംഗത്തിനെതിരെയാണ് പി. ജയരാജൻ രൂക്ഷമായി പ്രതികരിച്ചത്. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നാണ് ജയരാജൻ പറഞ്ഞത്. ഷംസീറിന് കൈവെട്ട് കേസിലെ ജോസഫ് മാഷിന്റെ ഗതി വരുമെന്നായിരുന്നു യുവമോർച്ച നേതാവ് ഗണേഷിന്റെ പ്രകോപന പ്രസംഗം.
ജയരാജെൻറ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ജയരാജനെതിരെ നടപടിയാവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ എസ്.പിക്ക് പരാതിയും നൽകി. ഈ പ്രസ്താവനയെ ചൊല്ലി, സി.പി.എമ്മും ബി.ജെ.പിയും സാമൂഹിക മാധ്യമങ്ങളിലൂടെ പോർവിളി നടത്തികൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ്, ജയരാജന്റെ സമീപനം തള്ളി ഗോവിന്ദൻ രംഗത്ത് വരുന്നത്. സമാധാനപരമായ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. തൃശ്ശൂർ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ വെച്ച് കോടിയേരി ബാലകൃഷ്ണൻ എല്ലാവിധ അക്രമങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ആ നയം തന്നെയാണ് പാർട്ടിയുടെ ഇപ്പോഴത്തെയും സമീപനമെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.