Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമീഷന്‍ വാങ്ങി...

കമീഷന്‍ വാങ്ങി കെ.എഫ്.സിയുടെ മുതലും പലിശയും ഇല്ലാതാക്കിയത് പാര്‍ട്ടി ബന്ധുക്കൾ -വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan -kerala financial corporation
cancel

തിരുവനന്തപുരം: കരുതല്‍ ധനമായി നാലു വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന കെ.എഫ്.സിയുടെ പണം എന്തിനാണ് മുതലിനും പലിശയും സെക്യൂരിറ്റിയും ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെഡറല്‍ ബാങ്കില്‍ സുരക്ഷിതമായിരുന്ന പണം 50,000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം. കമീഷന്‍ വാങ്ങി കെ.എഫ്.സിയുടെ പണം മുതലും പലിശയും ഇല്ലാതാക്കിയത് പാര്‍ട്ടി ബന്ധുക്കളാണ്. അഴിമതി അന്വേഷിച്ചില്ലെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചപ്പോള്‍ ധനകാര്യ മന്ത്രിയും മുന്‍ ധനകാര്യമന്ത്രിയും മറുപടി പറഞ്ഞു. അതെല്ലാം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു മറുപടി നല്‍കാന്‍ ഈ രണ്ടു ധനകാര്യ മന്ത്രിമാരെയും കണ്ടില്ല. കെ.എഫ്.സിയുടെ പത്രക്കുറിപ്പിലും തെറ്റായ കാര്യങ്ങളാണ് പറയുന്നത്.

അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന കമ്പനി 2018 ഏപ്രില്‍ 20ന് ഇറക്കിയ 61 കോടി രൂപയുടെ കടപ്പത്രത്തിന്‍റെ (എന്‍.സി.ഡി) ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം (ഐ.എം) വെബ്സൈറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ 19ന് കെ.എഫ്.സി പണം നിക്ഷേപിക്കാന്‍ തീരുമാനിച്ചതിന്‍റെ പിറ്റേ ദിവസമാണ് ആര്‍.സി.എഫ്.എല്‍ ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം പുറത്തിറക്കിയത്. ഈ ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ മൊത്തം തുകയും നഷ്ടപ്പെടാനുള്ള റിസ്‌ക്കാണ് എടുത്തിരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടത്തില്‍ കൃത്യമായി പറയുന്നുണ്ട്.

എന്‍.സി.ഡിയില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഒരോ നിക്ഷേപകനും റിസ്‌ക് സ്വന്തമായി വിലയിരുത്തണമെന്നും സെബിയുടെയോ ആര്‍.ബി.ഐയുടെയോ അംഗീകാരം ഇല്ലെന്നും വ്യക്തമാക്കുന്നുണ്ട്. സെബിയുടെയും ആര്‍.ബി.ഐയുടെയും അംഗീകാരമില്ലാത്ത എന്‍.സി.ഡിയിലാണ് പൊതുമേഖലാ സ്ഥാപനമായ കെ.എഫ്.സി നിക്ഷേപം നടത്തിയത്. ഈ ഡോക്യുമെന്റിലെ 'ക്രെഡിറ്റ് റേറ്റിങ്' എന്ന വിഭാഗത്തില്‍ കെയര്‍ ഏജന്‍സിയുടെ റേറ്റിങ്ങിനൊപ്പം 'credit watch with developing implications' എന്നും വ്യക്തമായി പറയുന്നുണ്ട്. ഇതോടെ നിക്ഷേപം നടത്തുമ്പോള്‍ റേറ്റിങ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയിരുന്നില്ലെന്ന സര്‍ക്കാറിന്‍റെയും കെ.എഫ്.സിയുടെയും വാദവും പച്ചക്കള്ളമാണെന്ന് വ്യക്തമായിരിക്കുകയാണ്. അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കിയ 50,000 കോടി തിരിച്ചു കിട്ടുന്നതിനു വേണ്ടി രാജ്യത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരുന്ന സമയത്താണ് സെബിയുടെയും ആര്‍.ബി.ഐയുടെയും അംഗീകാരമില്ലത്ത എന്‍.സി.ഡിയില്‍ കെ.എഫ്.സി പണം നിക്ഷേപിച്ചത്.

എപ്പോഴും കരുതല്‍ ധനം സൂക്ഷിക്കുന്ന സ്ഥാപനമാണ് കെ.എഫ്.സി. കരുതല്‍ ധനത്തിന്‍റെ ഭാഗമായാണ് 61 കോടി 2018 ഏപ്രില്‍ നാലിന് 8.69 ശതമാനം പലിശക്ക് നാല് വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ആ പണമാണ് നിക്ഷേപിച്ച ആതേ വര്‍ഷം തന്നെ 8.90 ശതമാനം പലിശ കിട്ടുമെന്ന് പറഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന അംബാനി കമ്പനിയില്‍ നിക്ഷേപിച്ചത്. നാല് വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ച പണം എന്തിനാണ് മുതലിനും പലിശക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയിലേക്ക് നിക്ഷേപിച്ചത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.

നിക്ഷേപ കാലാവധി തീരുന്നതിന് മുന്‍പ് ഫെഡറല്‍ ബാങ്കില്‍ നിന്നും 61 കോടി പിന്‍വലിച്ചപ്പോള്‍ അതില്‍ നിന്നും 20 ലക്ഷം നഷ്ടമായി. അതുകൊണ്ടാണ് ആര്‍.സി.എഫ്.എല്ലിലെ നിക്ഷേപം 60 കോടി 80 ലക്ഷമായത്. ആര്‍.സി.എഫ്.എല്ലില്‍ ഈ പണം കിടന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ 110 കോടി 40 ലക്ഷം കിട്ടണമായിരുന്നു. അതിനു പകരമായാണ് ഏഴര കോടി കിട്ടിയത്. ഫെഡറല്‍ ബാങ്കിലായിരുന്നു പണമെങ്കില്‍ 109 കോടി 30 ലക്ഷം രൂപ കിട്ടുമായിരുന്നു. ഫെഡറല്‍ ബാങ്കിനേക്കാള്‍ ഒരു കോടി രൂപ അധികമായി കിട്ടുമെന്ന് പ്രതീക്ഷിച്ച് ആര്‍.സി.എഫ്.എല്ലില്‍ പണം നിക്ഷേപിച്ചതോടെ മുതലും പലിശയും പോയി. ഫെഡറല്‍ ബാങ്കില്‍ ഇട്ടിരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ് എന്തിനാണ് 50,000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് ഇപ്പോഴത്തെ ധനകാര്യ മന്ത്രിയും പഴയ ധനകാര്യമന്ത്രിയും മറുപടി പറയണം.

പാര്‍ട്ടി ബന്ധുക്കളായ ചിലര്‍ കെ.എഫ്.സിയിലുണ്ട്. അവര്‍ക്ക് പാര്‍ട്ടിയുമായാണ് നേരിട്ട് ബന്ധം. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്‍റെ കൂടി അറിവോടെയാണ് പണം നിക്ഷേപിച്ചത്. എല്ലാവരും ചേര്‍ന്ന് രാഷ്ട്രീയ പിന്തുണയോടെ പാര്‍ട്ടി ബന്ധുക്കളാണ് കോടികള്‍ കമീഷന്‍ വാങ്ങി കെ.എഫ്.സിയുടെ പണം അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചത്. ബോര്‍ഡ് യോഗം ചേരുകയോ സര്‍ക്കാരിന്റെ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് ഇത്രയും വലിയ തുക മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ സാമ്പത്തിക വിദഗ്ധനായ ധനകാര്യ മന്ത്രിയുടെ കാലത്ത് നിക്ഷേപിച്ചത്. ഇതിന് പിന്നില്‍ അഴിമതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. അന്വേഷിച്ചില്ലെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Financial CorporationCPMVD Satheesan
News Summary - CPM relatives wiped out KFC's principal and interest by taking commission - VD Satheesan
Next Story