‘ട്രോളി ബാഗ് വെച്ച കാറിലല്ല രാഹുല്‍ പോയത്’; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സി.പി.എം
text_fieldsപാലക്കാട്: കോൺഗ്രസിനെതിരായ ‘കള്ളപ്പണം ആരോപണ’വുമായി ബന്ധപ്പെട്ട് സി.പി.എം പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടു. രാഹുലിന്റെ വസ്ത്രങ്ങളുൾപ്പെട്ടതെന്ന് അവകാശപ്പെടുന്ന ട്രോളി ബാഗുമായി കെ.എസ്.യു നേതാവ് ഫെനി നൈനാൻ കെ.പി.എം ഹോട്ടലിൽനിന്ന് പുറത്തിറങ്ങി കാറിലേക്ക് ബാഗ് വെക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. ട്രോളി ബാഗ് വെച്ച കാറിലല്ല രാഹുൽ മാങ്കൂട്ടത്തിൽ കയറിയതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും സി.പി.എം ആരോപിക്കുന്നു.
ട്രോളി ബാഗ് കാറിനകത്തു വെച്ച ശേഷം ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോവുകയും പിന്നാലെ മറ്റൊരു ബാഗുമായി തിരിച്ചുവരുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ രാഹുൽ ഈ കാറിൽ കയറിയില്ല. പിന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ കയറിയാണ് രാഹുൽ ഹോട്ടൽ വിട്ടത്. കള്ളപ്പണം പിടിക്കപ്പെട്ടാൽ താൻ കുടുങ്ങരുതെന്ന ഉദ്ദേശ്യത്തോടെ രാഹുൽ മനഃപൂർവം മറ്റൊരു വാഹനത്തിൽ കയറുകയായിരുന്നു എന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.
അതേസമയം പാതിരാ റെയ്ഡ് മന്ത്രി എം.ബി. രാജേഷിന്റെ ബുദ്ധിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ആരോപിച്ചു. എം.ബി. രാജേഷിന്റെ കർശന നിർദേശത്തിന്റെ പുറത്താണ് റെയ്ഡ് നടന്നത്. പൊലീസിലുള്ളവർ തന്നെ പറഞ്ഞ കാര്യമാണിത്. വന്നു വിറപ്പിച്ച പൊലീസിന് ഒടുവിൽ ഒന്നും കിട്ടിയില്ലെന്ന് എഴുതിക്കൊടുക്കേണ്ടി വന്നില്ലേ. എന്തൊരു നാണക്കേടാണിത്. അനധികൃതമായ ഒരു പണവും കോൺഗ്രസിന് ആവശ്യമില്ല. കള്ളപ്പണ ആരോപണത്തിൽ ഒരു തെളിവുമില്ല. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് ആരോപണം ഉന്നയിക്കുന്നത്. ഇരു കൂട്ടരും തമ്മിൽ നല്ല ബന്ധമാണ്.
വ്യാജ ആരോപണങ്ങൾ കണ്ടുനിൽക്കുന്ന ജനം വിഡ്ഢികളല്ലെന്ന് ഇവർ മനസ്സിലാക്കണം. വ്യവസ്ഥിതി അപ്പാടെ മറന്നുകൊണ്ടാണ് പൊലീസ് പാതിരാത്രി സ്ത്രീകളുടെ മുറിയിലേക്ക് കയറുന്നത്. പിണറായി വിജയനു മാത്രമേ ഇത്തരം പൊലീസിനെ വെച്ചുപൊറുപ്പിക്കാനാകൂ. എന്നാൽ ഇതും രാഹുലിന് അനുകൂലമായി മാറിയിരിക്കുകയാണ്. സി.പി.എം -ബി.ജെ.പി സംയുക്ത നീക്കത്തിന്റെ ഫലം അവർ അനുഭവിക്കും. റെയ്ഡിലൂടെ വനിതകളെ അപമാനിച്ചതിന് ജനം വോട്ടിലൂടെ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തി. കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന മുറികളിൽ നടത്തിയ പാതിരാ റെയ്ഡിൽ കെ.പി.എം ഹോട്ടൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.