സി.പി.എം കരട് റിപ്പോർട്ട്: മുന്നോട്ടുവെച്ചത് കാൽ നൂറ്റാണ്ടിലേക്കുള്ള വികസന നയം
text_fieldsകൊച്ചി: 25 വർഷത്തെ കേരളത്തിന്‍റെ വികസനം മുന്നിൽക്കണ്ടുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നതെന്ന് 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന കരട് റിപ്പോർട്ടിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വികസനത്തിന് സംസ്ഥാനത്ത് ഉചിത മൂലധനനിക്ഷേപം അത്യന്താപേക്ഷിതമാണെന്ന് 1957 മുതലുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തി റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കുക എന്നത് സർക്കാറിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണാനാവില്ല. പൊതുമേഖലകൾ നിലനിർത്തണം. ശമ്പളം ലഭിക്കും അതിനാൽ എന്തും ആവാം എന്ന നിലപാട് പാടില്ല. സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് തൊഴിലാളികൾ മുൻകൈയെടുക്കണം. തൊഴിൽ മേഖലയിലെ ചില മനോഭാവങ്ങൾ കാരണം സംസ്ഥാനത്ത് വരേണ്ട സ്വകാര്യ മൂലധന നിക്ഷേപം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറിപ്പോവുകയാണെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. തൊഴിലാളികളിൽ ഉത്തരവാദിത്തബോധം ഉണ്ടാക്കണം.
തൊഴിൽ തർക്കങ്ങൾ നിക്ഷേപത്തിന് തടസ്സമാകരുത്. പൊതു വിദ്യാഭ്യാസ മേഖല ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മെച്ചപ്പെടുത്താനായി. ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിൽ പാർട്ടിയുടെ കാഴ്ചപ്പാട് മാറണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉൽപാദന മേഖലയുമായി ബന്ധിപ്പിക്കണം. 'സർക്കാർ, സഹകരണ, പി-പി-പി മോഡലിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഉണ്ടാവണം. എന്നാൽ, സാമൂഹികനീതി ഉറപ്പാക്കുന്നുവെന്ന് കർശനമായി നിരീക്ഷിക്കുകയും വേണം'. -കരട് റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ, കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കയറൂരിവിടരുതെന്നാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.