എം.എൽ.എ സ്ഥാനം രാജി വെക്കേണ്ടതില്ല; മുകേഷിനെ കൈവിടാതെ സി.പി.എം
text_fieldsതിരുവനന്തപുരം: സർക്കാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് എം. മുകേഷ് എം.എൽ.എക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നെങ്കിലും എം.എൽ.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം.
ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നും പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്‍റെ വാദം. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും.
പ്രതിപക്ഷത്തുള്ള എം. വിന്‍സെന്‍റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവർ രാജി വെച്ചിട്ടില്ല. ജോസ് തെറ്റയിൽ യു.ഡി.എഫിന്‍റെ ഭാഗമായിരുന്നപ്പോൾ സമാനമായ രീതിയിലുള്ള ആരോപണം ഉയർന്നിരുന്നു. അന്ന് ജോസ് തെറ്റയിലും എം.എൽ.എ സ്ഥാനം രാജി വെച്ചിട്ടില്ലെന്നും പറഞ്ഞാണ് സി.പി.എം മുകേഷിന് സംരക്ഷണം ഒരുക്കിയത്.
കാസ്റ്റിംഗ് ഡയറക്ടർ ആയ ടെസ് ജോസഫ് 2018ൽ ഉയർത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്നത്.
തൊട്ടുപിന്നാലെ നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീറും തുറന്ന് പറഞ്ഞതോടെ എം.എൽ.എ കൂടുതൽ കുരുക്കിലാകുകയായിരുന്നു. ആരോപണങ്ങൾ മുകേഷ് നിഷേധിച്ചെങ്കിലും രാജിക്കായി മുന്നണിയിൽ ഉൾപ്പെടെ ശക്തമായ ആവശ്യമാണ് ഉയർന്ന് വരുന്നത്.
മുകേഷിനെ സംരക്ഷിക്കാനില്ലെന്നാണ് സി.പി.ഐ നിലപാട്. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ‘മുഖം നോക്കാതെ നടപടിയെടുക്കും’ എന്ന പരാമർശം ചൂണ്ടിക്കാട്ടി, അതാണ് തങ്ങളുടെ നിലപാടെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിനിമ മേഖലയിലെ പ്രമുഖരെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെങ്കിലും പരാമർശം അടിവരയിട്ട് മുന്നണിയിലെ എം.എൽ.എയെയാണ് ഇതുവഴി സി.പി.ഐ പരസ്യമായി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.