സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്: പെൻഷൻപ്രായത്തിൽ ഇനി വിവാദം വേണ്ട; ഗവർണറോട് വിട്ടുവീഴ്ചയില്ല
text_fieldsതിരുവനന്തപുരം: പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച പെൻഷൻപ്രായ വർധനയിൽ ഇനി വിവാദം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാറിനെതിരെ നടത്തുന്ന നീക്കങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കണമെന്നും തീരുമാനമായി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം പാർട്ടി അറിഞ്ഞിട്ടില്ലെന്ന വിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. സർക്കാർതന്നെ തീരുമാനം പിൻവലിച്ച സാഹചര്യത്തിൽ മറ്റു വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതനവ്യവസ്ഥ ഏകീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിലെ ചെറിയ ഭാഗം മാത്രമായിരുന്നു പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നിർദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചു. ചില സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 വയസ്സാണ്. പെൻഷൻപ്രായം ഉയർത്തൽ പാർട്ടിയുടെയോ മുന്നണിയുടെയോ നയമല്ല. വിവാദമായ സ്ഥിതിക്ക് ആശയക്കുഴപ്പമൊഴിവാക്കാനാണ് മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പിയിതര സർക്കാറുകളെ വരുതിയിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാർട്ടി ദേശീയതലത്തിൽ ആലോചിക്കുന്ന പ്രതിരോധ നടപടികൾ റിപ്പോർട്ട് ചെയ്തു. സാംസ്കാരികരംഗത്തെ പാർട്ടിയുടെ ഇടപെടൽ സംബന്ധിച്ച പുതിയ സമീപനരേഖ ചർച്ച ചെയ്തു. ഭേദഗതി വരുത്തിയ രേഖ ശനിയാഴ്ച തുടങ്ങുന്ന സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. ട്രേഡ് യൂനിയൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി പരിഗണിച്ച നയരേഖ ഒന്നുകൂടി പരിശോധിച്ചശേഷം സംസ്ഥാന ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്ന് ധാരണയായി. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.