പാലായിൽ ജയിച്ചത് കാപ്പന്‍റെ മികവല്ലെന്ന് സി.പി.എം
text_fieldsകോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ ജയിച്ചത് കാപ്പന്‍റെ മികവല്ലെന്ന് സി.പി.എം. മുന്നണി സർവശക്തിയുമുപയോഗിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും സർക്കാറിന്‍റെ പ്രവർത്തനവും ഭരണമികവുമാണ് വിജയത്തിന് പിന്നിലെന്നും സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലി മാണി സി. കാപ്പൻ ഇടതുമുന്നണിയുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് കാപ്പനെ തള്ളി സി.പി.എം ജില്ല കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.
മൂന്ന് പ്രാവശ്യം മത്സരിച്ച് പരാജയപ്പെട്ടയാളാണ് മാണി സി. കാപ്പൻ. ഇടതുപക്ഷം സർവസജ്ജമായി ഇറങ്ങിയപ്പോഴാണ് മാണി സി. കാപ്പൻ പാലായിൽ വിജയിച്ചത്. ഇടതുമുന്നണിക്ക് എല്ലാക്കാലവും യു.ഡി.എഫിനെക്കാൾ ഉന്നതമായ ഒരു നിലപാടുണ്ട്. അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും വാസവൻ പറഞ്ഞു.
പാലാ സീറ്റ് ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിന് നൽകാനുള്ള നീക്കമാണ് കാപ്പനെ ചൊടിപ്പിച്ചത്. ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്നും മുന്നണി വിടുന്ന കാര്യം പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നുമാണ് മാണി സി. കാപ്പൻ പറഞ്ഞത്. എന്നാൽ, മാണി സി. കാപ്പന്‍റെ നീക്കം ഏകപക്ഷീയമാണെന്നും മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്നുമാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നിലപാട്.
എൻ.സി.പി കേന്ദ്ര നേതൃത്വം ശശീന്ദ്രനൊപ്പം നിൽക്കുമോ മാണി സി. കാപ്പനൊപ്പം നിൽക്കുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി. കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഉച്ചക്ക് കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.