കരട് പട്ടികയിൽ തീരുമാനമെടുക്കാൻ ഇന്ന് സി.പി.എം സെക്രേട്ടറിയറ്റ്
text_fieldsതിരുവനന്തപുരം: വിവിധ ജില്ലകളിൽ കടുത്ത അതൃപ്തിക്കും പ്രതിഷേധത്തിനും കാരണമായ സി.പി.എമ്മിെൻറ കരട് സ്ഥാനാർഥി പട്ടികയിൽ അന്തിമ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സെക്രേട്ടറിയറ്റ് ഇന്ന് ചേരും.
രണ്ടു തവണ തുടർച്ചയായി മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കുന്നത് കർശനമായി നടപ്പാക്കാനുള്ള തീരുമാനത്തിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് െഎസക്, ജി. സുധാകരൻ, എ.കെ. ബാലൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ഒഴിവാക്കപ്പെട്ടു. വിവിധ ജില്ല സെക്രേട്ടറിയറ്റ്, ജില്ല കമ്മിറ്റികളിൽ പുനഃപരിശോധനക്കായുള്ള മുറവിളി ഉയർന്നെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കേണ്ടന്ന നിർദേശത്തിൽ ചിലർക്ക് ഇളവ് ലഭിച്ചപ്പോൾ കണ്ണൂരിൽ നിന്നുള്ള ശക്തനായ നേതാവ് പി. ജയരാജൻ ഒഴിവാക്കപ്പെട്ടതിനെതിരെ അണികളുടെ രോഷം സമൂഹ മാധ്യമത്തിലും അല്ലാതെയും തുടരുകയാണ്.
പി. ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല. പാലക്കാട് തരൂരിൽ എ.കെ. ബാലെൻറ ഭാര്യ പി.കെ. ജമീലയെ മത്സരിപ്പിക്കാനുള്ള നീക്കത്തിെനതിരെയും കടുത്ത പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ സംസ്ഥാന സമിതി തയാറാക്കിയ കരട് സ്ഥാനാർഥി പട്ടികയിൽനിന്ന് 30 എം.എൽ.എമാരാണ് പുറത്തായത്. ഇൗ സാഹചര്യത്തിലാണ് തിങ്കളാഴ്ച സംസ്ഥാന സെക്രേട്ടറിയറ്റ് ചേരുന്നത്.
സംസ്ഥാന സമിതിയുടെ കരട് പട്ടികയിന്മേലുള്ള ജില്ല കമ്മിറ്റികളുടെ അഭിപ്രായം പരിഗണിച്ചാകും കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ വേണമോയെന്ന് സെക്രേട്ടറിയറ്റ് തീരുമാനിക്കുക. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളും യോഗത്തിൽ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.