കണ്ണൂരിൽ വിഭാഗീയതയിൽ കുരുങ്ങി സി.പി.എം സമ്മേളനങ്ങൾ
text_fieldsകണ്ണൂർ: സി.പി.എം 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കവേ പാർട്ടി ശക്തികേന്ദ്രമായ കണ്ണൂരിൽ ഇതുവരെയില്ലാത്ത വിഭാഗീയത. പ്രാദേശിക പടലപ്പിണക്കങ്ങളും അഭിപ്രായഭിന്നതയുമാണ് സമ്മേളനങ്ങൾ മുടങ്ങുന്ന സ്ഥിതിയിലേക്കുവരെ എത്തിച്ചത്. രണ്ടിടത്ത് ബഹിഷ്കരണവും മൂന്നിടത്ത് പലതവണ സമ്മേളന തീയതി മാറ്റിവെക്കേണ്ടിവന്നതും കണ്ണൂരിന്റെ പാർട്ടി ചരിത്രത്തിൽതന്നെ അപൂർവം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാടായ മൊറാഴയിലാണ് അംഗങ്ങൾ ഒന്നടങ്കം ബഹിഷ്കരിച്ചതിനെ തുടർന്ന് ബ്രാഞ്ച് സമ്മേളനം മുടങ്ങിയത്. മൊറാഴ ലോക്കലിനു കീഴിലെ അഞ്ചാംപീടികയിൽ അംഗൻവാടി ജീവനക്കാരിയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് തർക്കം. പലവട്ടം ചർച്ചകൾ നടത്തിയിട്ടും ബ്രാഞ്ച് സമ്മേളനത്തിന് പുതിയ തീയതി നിശ്ചയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്കൽ സമ്മേളനത്തിന് മുമ്പ് നടത്താനുള്ള തിരക്കിട്ട ചർച്ചകളാണ് ഇവിടെ നടക്കുന്നത്. മൊറാഴക്കു പിന്നാലെ പറശ്ശിനിക്കടവ് തലവിൽ ബ്രാഞ്ച് സമ്മേളനവും ഒരുവിഭാഗം ബഹിഷ്കരിച്ചു.
പത്തംഗ ബ്രാഞ്ചിൽ നാലുപേരാണ് സമ്മേളനത്തിനെത്തിയത്. തലവിൽ വായനശാല നടത്തിയ ചിട്ടിയുമായി ബന്ധപ്പെട്ട തർക്കമാണ് ഒരു വിഭാഗത്തിന്റെ ബഹിഷ്കരണത്തിലേക്ക് നയിച്ചത്. പയ്യന്നൂർ കാരയിലെ മൂന്നു ബ്രാഞ്ച് സമ്മേളനങ്ങളാണ് കടുത്ത വിഭാഗീയതമൂലം പലതവണ മാറ്റിവെക്കേണ്ടിവന്നത്. നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിൽ കാര പ്രദേശത്ത് പുതുവത്സര ദിനത്തിൽ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കു നേരെ വടിവാൾ വീശിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയാവശ്യപ്പെട്ടാണ് തർക്കം. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെയാണ് ഒരുവിഭാഗം നടപടി ആവശ്യപ്പെടുന്നത്. പലതവണ മാറ്റിവെച്ച ബ്രാഞ്ച് സമ്മേളനം ഈ മാസം 21, 22 തീയതികളിലാണ് ഒടുവിൽ നിശ്ചയിച്ചത്. പ്രശ്നപരിഹാരമാവാത്ത സ്ഥിതിക്ക് സമ്മേളനം വീണ്ടും മാറ്റിവെക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.