സി.പി.എം വിഭാഗീയത: ആലപ്പുഴയിൽ കമീഷൻ തെളിവെടുപ്പ് നടത്തി
text_fieldsആലപ്പുഴ: ജില്ലയിലെ സി.പി.എം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കാൻ നിയോഗിച്ച പാർട്ടി കമീഷൻ തെളിവെടുപ്പ് നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവരടങ്ങുന്ന കമീഷനാണ് തെളിവെടുപ്പ് നടത്തിയത്. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട്, തകഴി ഏരിയ സമ്മേളനങ്ങളിലുണ്ടായ ചേരിതിരിവും വിഭാഗീയതയുമാണ് പ്രധാനമായും അന്വേഷിച്ചത്. വിഭാഗീയതയുണ്ടായ നാല് ഏരിയകളിൽനിന്ന് 70 ലധികംപേരിൽനിന്നാണ് വ്യാഴാഴ്ച വിവരങ്ങൾ ശേഖരിച്ചത്.
സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കൃഷ്ണപിള്ള സ്മാരകത്തിൽവെച്ച് നടത്തിയ തെളിവെടുപ്പിൽ ഹരിപ്പാട്, തകഴി, ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയസമ്മേളനത്തിന്‍റെ ചുമതലക്കാരായ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളുമായും ചർച്ചനടത്തി. സ്വാധീനിക്കാനും പരാജയപ്പെടുത്താനും ശ്രമിച്ചതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാർ കമീഷന് മുന്നിൽ ഹാജരാക്കി.
ആലപ്പുഴയിലെ വിഭാഗീയത പൂർണമായും ഒഴിവാക്കുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമീഷൻ ജില്ലയിൽ തെളിവെടുപ്പിന് എത്തിയത്. നാല് ഏരിയകളിലെ തെളിവെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് കമീഷൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറും.
ആലപ്പുഴ നോർത്തിലെ ഏരിയ സമ്മേളനം തർക്കത്തെ തുടർന്ന് ഒരു മണിക്കൂറോളം നിർത്തിവെച്ചിരുന്നു. ആലപ്പുഴ സൗത്തിലും ഹരിപ്പാടും ഒരുവിഭാഗത്തെ പൂർണമായും തോൽപിച്ചു. തകഴിയിലും ചേരിതിരിഞ്ഞ് മത്സരം നടന്നു. നിരവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പശ്ചാത്തലത്തിലാണ് കമീഷനെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.