കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയത: എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത്, വിമതരെ കണ്ടേക്കും
text_fieldsകൊല്ലം: കരുനാഗപ്പള്ളി സി.പി.എമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് ജില്ലയിലെത്തി നേതാക്കളെ കാണും. ജില്ല കമ്മിറ്റി ഓഫീസിലെത്തുന്ന ഗോവിന്ദൻ വിമതരെ നേരിൽ കാണാനും ചർച്ച നടത്താനും സാധ്യത.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദി ഒരുങ്ങുന്ന കൊല്ലം ജില്ല അതിരൂക്ഷ വിഭാഗീയതയുടെ കേന്ദ്രമായത് സി.പി.എമ്മിന് തലവേദനയാവുകയാണ്. ഏതാനും വർഷം മുമ്പ് എറണാകുളത്ത് വിഭാഗീയത കടുത്തപ്പോൾ അന്ന് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.വി. ഗോവിന്ദൻ ജില്ല സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് സമാനമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കയാണെന്നാണ് പറയുന്നത്.
കരുനാഗപ്പള്ളിയിൽ തെറ്റായതൊന്നും അംഗീകരിക്കില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന അതിലേക്കുള്ള ചൂണ്ടുപലകയാണ്. ഒളികാമറ വിവാദമടക്കം വിഭാഗീയത രൂക്ഷമായപ്പോഴാണ് ഗോപി കോട്ടമുറിക്കലിനെ മാറ്റി 2011 മുതൽ 13 വരെ രണ്ടുവർഷം എറണാകുളം ജില്ല സെക്രട്ടറി സ്ഥാനം എം.വി. ഗോവിന്ദൻ ഏറ്റെടുത്തത്.
ഏരിയ സമ്മേളനങ്ങൾക്കുമുമ്പ് തന്നെ കൊല്ലം ജില്ലയിൽ പലയിടത്തും വിഭാഗീയത രൂക്ഷമായിരുന്നു. പല ലോക്കൽ സമ്മേളനങ്ങളും മുടങ്ങി. ചിലത് മാറ്റിവെക്കുന്ന സാഹചര്യമുണ്ടായി. തർക്കപരിഹാരത്തിൽ ജില്ല നേതൃത്വം പരാജയപ്പെട്ടതോടെ സംസ്ഥാന സെക്രട്ടറി നേരിട്ട് ജില്ല സെക്രട്ടേറിയറ്റ് യോഗം വിളിക്കേണ്ട സാഹചര്യവും വന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലും എം.വി. ഗോവിന്ദൻ കഴിഞ്ഞമാസം പങ്കെടുത്തു. എന്നിട്ടും രംഗം ശാന്തമായില്ല.
സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടേറിയറ്റ് അംഗവും തമ്മിലെ വടംവലിയിൽ കരുനാഗപ്പള്ളിയിൽ മാത്രം ഇരുപതിലേറെ ബ്രാഞ്ച് സമ്മേളനങ്ങളാണ് നിർത്തിവെക്കേണ്ടിവന്നത്. രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ സസ്പെൻഡ് ചെയ്തു. കല്ലേലിഭാഗത്ത് സമ്മേളനം കൈയാങ്കളിയിലാണ് അവസാനിച്ചത്. കൊല്ലം ഏരിയയിലെ ചാത്തന്നൂർ ലോക്കൽ സമ്മേളനവും റദ്ദാക്കിയിരുന്നു. ശൂരനാട് ലോക്കൽ സമ്മേളനത്തിൽ നേതൃത്വത്തിന്റെ നിർദേശം അട്ടിമറിച്ച് മറ്റൊരാളെ സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടിവന്നു.
ഏഴ് ലോക്കൽ സമ്മേളനങ്ങളാണ് വിഭാഗീയതയിൽ നിർത്തിവെക്കേണ്ടിവന്നത്. അതിൽ നാലെണ്ണം വ്യാഴാഴ്ച നടത്തിയതിലും ഒരെണ്ണം വീണ്ടും നിർത്തി. ഔദ്യോഗിക പക്ഷത്തിന് മേൽക്കൈയുള്ള കുലശേഖരപുരം നോർത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് കളമൊരുങ്ങുകയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.
സെക്രട്ടറിയായി മൂന്ന് ടേം പൂർത്തിയാക്കിയ പി. ഉണ്ണിയെ ഒഴിവാക്കി എച്ച്.എ. സലാമിനെ തെരഞ്ഞെടുത്തത് അംഗീകരിക്കാതെയാണ് ഒരുവിഭാഗം പ്രശ്നമുണ്ടാക്കിയത്. കഴിഞ്ഞദിവസം പാർട്ടി ഓഫിസിലേക്ക് മാർച്ച് നടത്തിയവർ പ്രധാനമായും മുൻ സെക്രട്ടറിക്കും തെരഞ്ഞെടുത്ത സെക്രട്ടറിക്കുമെതിരെ കേട്ടാലറയ്ക്കുന്ന മുദ്രാവാക്യമാണുയർത്തിയത്. കൊല്ലത്ത് ജില്ല സമ്മേളനം നടക്കാനിരിക്കെ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.