ബി.ജെ.പി അനുഭാവിക്കായി ശിപാര്‍ശ; ഐ.ബി. സതീഷ് എം.എല്‍.എയോട് വിശദീകരണം തേടി സി.പി.എം
text_fieldsതിരുവനന്തപുരം: ബി.ജെ.പി അനുഭാവിക്കായി ശിപാര്‍ശ നൽകിയ സംഭവത്തിൽ കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷിനോട് സി.പി.എം വിശദീകരണം തേടിയതായി റിപ്പോർട്ട്. ഇതിൽ എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ജില്ല സമ്മേളനത്തിന് മുന്നോടിയായി പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായിരിക്കുകയാണ്.
ബി.ജെ.പി അനുഭാവിയായ കരാട്ടെ അസോസിയേഷൻ ഭാരവാഹിയുടെ സംഘടനക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം നൽകാൻ വേണ്ടിയാണ് എം.എൽ.എ ഇടപെട്ടത്. തുടർന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരണം ചോദിക്കുകയായിരുന്നു.
സി.പി.എം ജില്ല കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങളും ഇതേ ആൾക്ക് വേണ്ടി ശിപാർശ നൽകിയതായാണ് വിവരം. എന്നിട്ടും തന്നോട് മാത്രം വിശദീകരണം തേടിയതാണ് ഐ.ബി. സതീഷ് എം.എൽ.എയെ പ്രകോപിപ്പിച്ചത്. നേരത്തെ, ജില്ല സെക്രട്ടറിയറ്റ് അംഗം വി.കെ. മധുവിനെ തരംതാഴ്ത്തിയ തീരുമാനത്തെ സതീഷ് എതിർത്തിരുന്നു. ഇതാണ് ഇപ്പോൾ വിശദീകരണം ചോദിക്കാൻ ഇടയാക്കിയതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഇതിന് പിന്നാലെ നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ ഐ.ബി. സതീഷ് ആനാവൂർ നാഗപ്പനെതിരെ രൂക്ഷമായാണ് സംസാരിച്ചത്. കാട്ടാക്കടയിൽ തനിക്കെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ ജില്ല സെക്രട്ടറിക്ക് പങ്കുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഐ.ബി. സതീഷ് ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.