‘സഖാക്കൾ’ വായ്പയെടുത്ത് കൂട്ടുന്നു; തിരിച്ചടക്കുന്നില്ല;സ്വയം വിമർശനവുമായി സി.പി.എം
text_fieldsകോട്ടയം: സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത ‘സഖാക്കൾ’ തിരിച്ചടക്കേണ്ടത് കോടികളാണെന്നും ഇത് ഉടൻ തിരിച്ചടക്കണമെന്നുമുള്ള സ്വയം വിമർശനവുമായി സി.പി.എം. പാർട്ടി സംസ്ഥാന സമിതിയുടെ രേഖയിലാണ് പ്രവർത്തകർ വായ്പ തിരിച്ചടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത്. വായ്പത്തുക ഉടൻ തിരിച്ചടക്കണമെന്നും സംസ്ഥാന സമിതി റിപ്പോർട്ടിൽ നിർദേശിക്കുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽനിന്ന് നേതാക്കളും പ്രവർത്തകരും കോടികൾ തട്ടിയെടുക്കുന്നുവെന്ന ആക്ഷേപം സജീവമായ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെടൽ.
തിരിച്ചടക്കാൻ കഴിയുന്നതിലും വലിയ തുകയാണ് പ്രവർത്തകർ വായ്പയെടുത്തിരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. ഇതിന് ബാങ്ക് ഭാരവാഹികളുടെ ഒത്താശയുള്ളതായും പറയുന്നു. തിരിച്ചടക്കാൻ പറ്റുന്ന വായ്പകൾ മാത്രമേ സഖാക്കൾ എടുക്കാവൂ. കുടിശ്ശിക തുക എത്രയും വേഗം അടച്ച് തീർക്കണം. വലിയ തുക വായ്പയായി എടുക്കുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റികളുടെ സമ്മതം വാങ്ങണമെന്നും സംസ്ഥാന സമിതി റിപ്പോർട്ടിൽ പറയുന്നു. ഓരോ ഏരിയയിലും സഹകരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധനാ സംവിധാനം രൂപപ്പെടുത്തണം. കൃത്യമായ പരിശോധനകൾ ഇക്കാര്യത്തിലുണ്ടാകണം. കമ്മിറ്റികൾ പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തി തിരുത്തൽ വരുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിലവിൽ 47,172 കോടിരൂപയുടെ വായ്പ കുടിശ്ശികയുണ്ടെന്നാണ് സർക്കാർ കണക്ക്. 277 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.