സി.പി.എം തൃശൂർ ജില്ല സമ്മേളനം ചുരുക്കി; പൊതുസമ്മേളനം വെർച്വൽ
text_fieldsതൃശൂർ: കോവിഡ് അതിവ്യാപനം കാരണം സി.പി.എം ജില്ല സമ്മേളന പരിപാടികൾ ചുരുക്കി. കോവിഡ് നിയന്ത്രണങ്ങൾക്കിടെ സമ്മേളന പരിപാടികൾ കൊട്ടിഘോഷിച്ച് നടത്തുന്നതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഇത്.
30.2 ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ മാസം 21 മുതൽ 23 വരെയാണ് സമ്മേളനം. ഞായറാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചു. 21 മുതൽ 23 വരെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 200ന് താഴെയാക്കും.
19നും 20നുമായി നടക്കുന്ന പതാക, കൊടിമര, ദീപശിഖ റാലികളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും ചുരുക്കി. പൊതുസമ്മേളനം വെർച്വലാക്കി. 22ന് തേക്കിൻകാട് മൈതാനിയിലെ സെമിനാർ സാഹിത്യ അക്കാദമിയിലേക്ക് മാറ്റി. കേന്ദ്രീകരിച്ച പൊതുസമ്മേളന പരിപാടികൾ മാറ്റി.
എല്ലാ പരിപാടികളും കോവിഡ് മാനദണ്ഡം പാലിച്ചാണ് നടക്കുകയെന്ന് ജില്ല സെക്രട്ടറി എം.എം. വർഗീസും സ്വാഗതസംഘം ജനറൽ കൺവീനർ യു.പി. ജോസഫും അറിയിച്ചു. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തിയ തിരുവാതിരകളി വിവാദമായ സാഹചര്യത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കേണ്ടതില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
തെക്കുംകര തിരുവാതിര: സി.പി.എമ്മിൽ അതൃപ്തി
തൃശൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി തെക്കുംകരയിൽ മെഗാ തിരുവാതിരകളി സംഘടിപ്പിച്ചതിൽ സി.പി.എമ്മിൽ അതൃപ്തി. സമ്മേളന പരിപാടികൾ ആലോചിക്കാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം തിരുവാതിരകളി ചർച്ച ചെയ്തു. തിരുവനന്തപുരത്തെ മെഗാ തിരുവാതിരകളി വിവാദമായിരിക്കെ അനവസര വിവാദങ്ങളുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നതിൽ മുതിർന്ന നേതാക്കൾക്കു പോലും വീഴ്ചയുണ്ടായെന്നാണ് ജില്ല സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നത്.
എന്നാൽ, കോവിഡ് ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് അറിയിച്ചു. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ആൾക്കൂട്ടം ഒഴിവാക്കിയുമാണ് പരിപാടി സംഘടിപ്പിച്ചത്. 80 പേരാണ് പങ്കെടുത്തത്.
അതിനിടെ, കോവിഡ് കാലത്തെ മെഗാ തിരുവാതിരകളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
സംഘാടക സമിതിക്കും പരിപാടി സംഘടിപ്പിച്ച സി.പി.എം തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും കാഴ്ചക്കാർക്കും എതിരെ കോവിഡ് നിയന്ത്രണ ലംഘനത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. തെക്കുംകര ഊരാംകോട് അയ്യപ്പക്ഷേത്ര പരിസരത്താണ് തിരുവാതിരകളി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.