പ്രകാശ് ജാവദേക്കറെ കണ്ട പിണറായിക്കെതിരെയും സി.പി.എം നടപടിയെടുക്കണം -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇ.പി ജയരാജനെ എൽ.ഡി.എഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തത് മുഖം രക്ഷിക്കാനുള്ള സി.പി.എമ്മിന്റെ നടപടി മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സി.പി.എമ്മിന് ആത്മാർഥത ഉണ്ടായിരുന്നെങ്കില്‍ രഹസ്യ കൂടിക്കാഴ്ച ഉണ്ടായപ്പോള്‍ തന്നെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാലതിന് തയാറാകാതെ സി.പി.എം അന്ന് ഒളിച്ചുകളിച്ചെന്നും സുധാകരൻ ആരോപിച്ചു.
ഇ.പി ജയരാജന്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതിനും തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കുന്നതിനും ബി.ജെ.പിയുമായുള്ള ലെയ്‌സണ്‍ വര്‍ക്കാണ് ഇ.പി ജയരാജന്‍ നടത്തിയത്. അതിന്റെ ഫലമായാണ് ലോകസ്ഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ഉള്‍പ്പെടെ സി.പി.എം വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് പോയത്.
ബി.ജെ.പിയുമായി രഹസ്യബന്ധം സൂക്ഷിച്ച ഇ.പി ജയരാജനെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരേയും സി.പി.എം നടപടിയെടുക്കണം. പിണറായി വിജയനും പ്രകാശ് ജാവദേക്കറെ കണ്ടതായി പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതല വഹിക്കുന്ന നേതാവിനെ പിണറായി കണ്ടതും തെറ്റാണ്.
തെറ്റുതിരുത്തല്‍ ആരംഭിക്കുകയാണെങ്കില്‍ അത് മുഖ്യമന്ത്രിയില്‍ നിന്ന് തുടങ്ങണം. മുഖ്യമന്ത്രിയുടെ ദല്ലാളായി പ്രവര്‍ത്തിച്ച ഇ.പി ജയരാജനെതിരെ നടപടിയെടുത്ത സി.പി.എം സ്ത്രീ പീഡകനായ എം. മുകേഷ് എം.എൽ.എ സരംക്ഷിച്ചതിലൂടെ അവരുടെ നിലപാടിലെ ഇരട്ടത്താപ്പ് വ്യക്തമായെന്നും കെ. സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.