ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ചതിന് സി.പി.എം മാപ്പ് പറയണം -വി.ഡി. സതീശൻ
text_fieldsകണ്ണൂർ: യു.ഡി.എഫ് ഭരണകാലത്ത് എ.ഡി.ബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതിനും സ്വകാര്യമേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എസ്.എഫ്.ഐക്കാരെ വിട്ട് മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്റെ കരണത്ത് അടിച്ചതിനും സി.പി.എം മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 'നിബന്ധനകളോടെ വിദേശ വായ്പ സ്വീകരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കാമെന്നുമാണ് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വികസന രേഖയില്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് സി.പി.എം കേരളീയ സമൂഹത്തോട് പൊതുമാപ്പ് പറയണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ കണ്ണൂരില്‍ കലാപ സമാനമായ അന്തരീക്ഷമുണ്ടാക്കി വെടിവയ്പ്പുണ്ടാക്കി സഖാക്കൾ കൊല്ലപ്പെട്ടതിനും മാപ്പ് പറയണം' -അദ്ദേഹം പറഞ്ഞു.
പഴയ നിലപാട് മാറ്റിയത് നല്ലതാണ്. വൈകി മാത്രമെ സി.പി.എമ്മിന് വിവേകം ഉദിക്കൂവെന്നതിന്റെ അവസാന ഉദാഹരണമാണിത്. 1.5 ശതമാനം പലിശയ്ക്ക് വിദേശ വായ്പ വാങ്ങിയാണ് കൊച്ചി മെട്രോ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് അദ്ഭുതകരമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ യു.ഡി.എഫ് ശ്രമിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസനെ കരണത്തടിച്ച് അപമാനിച്ചവര്‍ ഇന്ന് തെറ്റ് തിരുത്തുകയാണ്. തെറ്റ് തിരുത്തുമ്പോള്‍ പഴയകാല കാര്യങ്ങള്‍ കൂടി ഒര്‍ത്ത് അതിന് മാപ്പ് പറയണം. ഇപ്പോള്‍ നടത്തുന്ന മാറ്റങ്ങളെല്ലാം വലതുപക്ഷ തീരുമാനങ്ങളെന്നാണ് നേരത്തെ അവര്‍ പറഞ്ഞിരുന്നത്. ഇത് സി.പി.എമ്മിന്റെ വലതു പക്ഷത്തേക്കുള്ള നിലപാട് മാറ്റം കൂടിയാണോയെന്ന് ഈ രേഖ അവതരിപ്പിക്കുന്ന പിണറായി വിജയന്‍ വ്യക്തമാക്കണം.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ ഒരു ഗ്രൂപ്പ് ഫോര്‍മേഷനും ഉണ്ടാകില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു കാര്യം ഉറപ്പ് പറയുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പേരില്‍ ഒരു ഗ്രൂപ്പും ഉണ്ടാകില്ല. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട സാഹചര്യം വന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ല.
മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. എല്ലാ വാര്‍ത്തകളും വരുന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണ്. മനപൂര്‍വമായി കോണ്‍ഗ്രസിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള വെറും കുത്തിത്തിരുപ്പുകളാണ് ഈ വാര്‍ത്തകളെല്ലാം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചിലര്‍ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായും സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. സുചിന്തിതമായ തീരുമനങ്ങള്‍ എത്രയും പെട്ടന്ന് സ്വീകരിക്കും. തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടന്‍ കെ.പി.സി.സി പ്രസിഡന്റുമായുള്ള ചര്‍ച്ച തുടരും. രണ്ടു ദിവസത്തിനുള്ളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ഭാരവാഹികളെ പ്രഖ്യാപിക്കും. വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ട്. അവിടെ ആര്‍ക്കും ഏകാധിപത്യമില്ല. സംഘര്‍ഷമോ ഭിന്നതയോ ഇല്ലാതെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ചേര്‍ന്ന് കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കും.
വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകരെ എന്നും വിളിക്കുന്നത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയാം. കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ചില പണിയില്ലാത്ത ആളുകള്‍ ഉണ്ടാക്കുന്നതാണ് ഇതെല്ലാം. കെ. സുധാകരന്‍ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ കെ.പി.സി.സിക്ക് ഈ കുത്തിത്തിരിപ്പുകളെ മറികടക്കാനുള്ള ശക്തിയുണ്ട് -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.