എസ്.എഫ്.ഐ നടത്തിയ സമരത്തിൽ സി.പി.എം രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണം-ഉമ്മന്‍ ചാണ്ടി
text_fieldsകോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ യാതൊരു പങ്കുമില്ലാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ എസ്എഫ്‌ഐ നടത്തിയ സമരത്തിന്റെ പേരില്‍ സി.പി.എം അദ്ദേഹത്തോട് മാപ്പ് പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ജനങ്ങള്‍ക്ക് അങ്ങേയറ്റം ദോഷകരമായ ബഫര്‍ സോണ്‍ വിഷയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇടതുസര്‍ക്കാരിനാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനവധാനതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. തെറ്റ് തിരുത്തുന്നതിനു പകരം തെറ്റിന്റെ ഉത്തരവാദിത്വം ഒരു വിധത്തിലും അര്‍ഹിക്കാത്തവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. സോണ്‍ വിഷയത്തില്‍ മലയോര മേഖലകളിലെ ജനങ്ങളെ ബാധിക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ല. വന്യജീവി ആക്രമണം, കൃഷിനാശം, പ്രളയം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലാണ് മറ്റൊരു തിരിച്ചടിയായി ബഫര്‍ സോണ്‍ പ്രതിസന്ധി ഉണ്ടായത്.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പരിധി നിശ്ചയിച്ച 2019 ഒക്ടോബര്‍ 10ലെ മന്ത്രിസഭായോഗ തീരുമാനമാണ് ചതിക്കുഴിയായി മാറിയത്. തുടര്‍ന്ന് 2019 ഒക്ടോബർ 31ന് വനംവന്യജീവി വകുപ്പിന്റെ ഉത്തരവിറങ്ങി. സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോ മീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി തത്വത്തില്‍ നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിന് അംഗീകാരം നല്കിയത് ഈ ഉത്തരവിലാണ്. ഇതാണ് പിന്നീടുണ്ടായ സുപ്രീംകോടതി ഉത്തരവിലേക്കു നയിച്ചത്.
സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രവനമന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്കാന്‍ 2013 മെയ് എട്ടിന് ചേര്‍ന്ന യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചു. 2015 ഏപ്രിൽ 14ന് അതു സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംരക്ഷിത പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
2016ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വിദഗ്ധസമിതി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കരട് നിര്‍ദേശങ്ങള്‍ പരിഗണിച്ചു. എന്നാല്‍ വിദഗ്ധ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി സംസ്ഥാന സര്‍ക്കാര്‍ 2018 വരെ നല്കിയില്ല. തുടര്‍ന്ന് കരട് വിജ്ഞാപനങ്ങള്‍ കാലഹരണപ്പെട്ടു. അങ്ങനെ 10 കി.മീ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിലനിറുത്തണമെന്ന കേന്ദ്രവനം പരിസ്ഥിതി മന്ത്രാലത്തിന്റെ നിര്‍ദേശം കേരളത്തിനും ബാധകമായി.വിദഗ്ധസമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്കിയിരുന്നെങ്കില്‍ കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയ ബഫര്‍ സോണ്‍ വിഷയം ഉണ്ടാകുമായിരുന്നില്ല.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെയും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെയും ചില ശിപാര്‍ശകള്‍ കര്‍ഷകര്‍ക്ക് ദ്രോഹമാണെന്നു കണ്ടപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിച്ചു. ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുകയും അവര്‍ 123 വില്ലേജുകള്‍ സന്ദര്‍ശിച്ച് അവിടെ 123 കമ്മിറ്റികളുണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശം നിര്‍ണയിച്ച് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു നല്കുകയും ചെയ്തു. കേന്ദ്രം അത് അംഗീകരിച്ച് കേരളത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ ഇളവ് അനുവദിച്ച് 2014ല്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
എന്നാല്‍, കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച ചില വിശദീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് തേടിയെങ്കിലും ഇതുവരെ അതും നല്കിയില്ല. തുടര്‍ന്നാണ് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം നാല് തവണ നീട്ടിയത്. ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന് ഗുരുതമായ വീഴ്ച ഉണ്ടായി. എം.എ.ല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, ടി.സിദ്ധിഖ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.