സംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സി.പി.എം തിരുത്തണം- എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ആവശ്യമായ വിഷയങ്ങള്‍ സംഘപരിവാരത്തിന് നല്‍കിയ ശേഷം മലക്കം മറിയുന്ന നിലപാട് തിരുത്താന്‍ സി.പി.എം തയാറാവണമെന്ന് എസ്.ഡി.പി.ഐ. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ വ്യായാമ കൂട്ടായ്മയില്‍ പരിശീലനത്തിനെത്തുന്നവരെ തീവ്രവാദികളാക്കിയ സി.പി.എം നേതാവ് പി. മോഹനന്‍ ഇപ്പോള്‍ യാഥാര്‍ഥ്യം ബോധ്യമായപ്പോള്‍ മലക്കംമറിഞ്ഞിരിക്കുകയാണ്.
അതേസമയം വിഷയം ഒരു സമൂഹത്തിനെതിരേ വിഷലിപ്തമായ പ്രചാരണത്തിന് സംഘപരിവാരം ഉപയോഗപ്പെടുത്തുകയും എൻ.ഐ.എ അന്വേഷണം വരെ ആരംഭിച്ചതായുമാണ് വിവരം. വ്യായാമ കൂട്ടായ്മയില്‍ വിവിധ രാഷ്ട്രീയ-മത സമൂഹത്തില്‍പെട്ടവര്‍ ഉണ്ടെന്ന വിവരം പുറത്തുവന്നപ്പോഴാണ് ജാള്യത മറക്കാന്‍ തിരുത്തുമായി പി. മോഹനന്‍ രംഗത്തു വന്നത്.
അപ്പോഴേക്ക് വിദ്വേഷാഗ്നിക്ക് സംഘപരിവാരം തീകൊളുത്തി കഴിഞ്ഞിരുന്നു. സംഘപരിവാരം രാജ്യവ്യാപകമായി ഉപയോഗിക്കുന്ന പല വിഷയങ്ങളുടെയും തുടക്കമിട്ടത് സിപിഎം നേതാക്കളാണ്. പി മോഹനന്‍ നടത്തിയ അടിസ്ഥാന രഹിതമായ പ്രസ്താവന ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തിരിക്കുകയാണ്.
20 വര്‍ഷം കൊണ്ട് കേരളം ഇസ് ലാമിക രാജ്യമാകുമെന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന്റെ വാക്കുകള്‍ ഇന്നും ഉത്തരേന്ത്യയിലെ പ്രധാന വിദ്വേഷ പ്രചാരണ വിഷയമാണ്. അതുപോലെ തന്നെ സ്വര്‍ണ കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന് മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകള്‍ സംഘപരിവാരം കുറേ നാളുകളായി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുന്നതായിരുന്നു.
ദില്ലി സർവകലാശാലയിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ ജമാ അത്തെ ഇസ് ലാമി ബോധപൂർവമായ ശ്രമം നടത്തുന്നു എന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയും മുന്‍ എംപിയുമായ എളമരം കരീമിന്റെ പ്രസ്താവന ദേശീയ തലത്തില്‍ തന്നെ സംഘപരിവാരത്തിന് റിക്രൂട്ട്‌മെന്റ് ജിഹാദ് എന്ന പേരിലുള്ള കാംപയിന്‍ വിഷയമായി മാറിയിരുന്നു. സംഘപരിവാരം ലക്ഷ്യമിടുന്ന സാമൂഹിക വിഭജനത്തിനും വിദ്വേഷത്തിനും വഴിമരുന്നിടുന്ന പ്രസ്താവനകളില്‍ നിന്ന് ഇനിയെങ്കിലും സി.പി.എം പിന്മാറണമെന്ന് സംസ്ഥാന സെക്രട്ടറി എം.എം. താഹിര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.