കൊള്ളസംഘം: കൈ കഴുകി സി.പി.എം നേതാക്കൾ
text_fieldsകണ്ണൂർ: 'സൈബർ സഖാക്ക'ളുടെ സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങൾ പുറത്തുവന്നതിന് പിന്നാലെ അത്തരക്കാരെ തള്ളിപ്പറഞ്ഞ് കണ്ണൂരിൽ കൂടുതൽ സി.പി.എം നേതാക്കൾ രംഗത്ത്. സ്വര്‍ണക്കടത്തും കള്ളക്കടത്തും നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എം സംരക്ഷിക്കില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി എം.വി. ഗോവിന്ദന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് ചെയ്യുന്നവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം. ഷാജര്‍ പറഞ്ഞു.
രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അഴീക്കൽ കപ്പക്കടവ് സ്വദേശി അർജുൻ ആയങ്കിക്കും കൂട്ടാളികൾക്കുമുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെയാണ് സി.പി.എം നേതാക്കളുടെ പ്രതികരണം. ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കള്ളക്കടത്തു സംഘങ്ങള്‍ക്കെതിരെ സി.പി.എം ശക്തമായ നിലപാടെടുത്തിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കള്ളക്കടത്തിലേര്പ്പെട്ടവര് ഇന്നയാളെന്നില്ല. ഒരാളെയും സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല. ഇത്തരം സംഘങ്ങള്‍ക്കെതിരെ എല്ലാ കാലത്തും പാര്‍ട്ടിക്ക് ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുകാര്‍ക്ക് സമൂഹ മാധ്യമങ്ങളിൽ ലൈക്കടിക്കുന്നവര്‍ തിരുത്തണമെന്നും ഫാന്‍സ് ക്ലബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നുമാണ് ഷാജര്‍ ഫേസ്ബുക്കിൽ കുറിച്ചത്. പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും രാത്രിയില്‍ നാടുറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങള്‍'. കണ്ണൂരിന് പുറത്തുള്ളവര്‍ സമൂഹമാധ്യമം വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴും അവരില്‍ ചിലര്‍ക്ക് ബോധ്യമായില്ലെന്ന് തോന്നുന്നു. നിങ്ങള്‍ ഉദ്ദേശിക്കുന്നപോലെ പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഷാജർ തുടർന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താളത്തിലെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിെൻറ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ കോയ്യോട് സ്വദേശി സജേഷിെൻറ കാറാണ് അർജുൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം കൂടുതൽ അന്വേഷണവുമായി രംഗത്തെത്താൻ നീക്കം നടത്തുന്നുണ്ട്. ഇത് ബി.ജെ.പിയടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സി.പി.എമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ. ഇതു മുൻകൂട്ടിക്കണ്ടാണ് നേതാക്കൾ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.