ധൈര്യത്തിന്റെ പേരാണ് പിണറായി വിജയനെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ‘മുഖ്യമന്ത്രിയിൽ ജനങ്ങൾക്ക് വലിയ താൽപര്യമാണ്’
text_fieldsകൊല്ലം: ധൈര്യത്തിന്റെ പേരാണ് പിണറായി വിജയനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയിൽ ജനങ്ങൾക്ക് വലിയ താൽപര്യമാണ്. പ്രസ്ഥാനമാണ് വ്യക്തിയേക്കാൾ വലുതെന്ന് ഞങ്ങളെ എപ്പോഴും പറയാതെ പഠിപ്പിക്കുന്നയാളാണ് മുഖ്യമന്ത്രി.
എല്ലാ മന്ത്രിമാർക്കും മാർഗദർശിയായി കരുത്തായി എപ്പോഴും പിണറായി ഉണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി നേതൃത്വം നൽകുമോയെന്ന കാര്യം പാർട്ടി തീരുമാനിക്കും. പാർട്ടിയെന്നാൽ ഒരു വികാരമാണ്. കൊല്ലം സമ്മേളനം എല്ലാ അർത്ഥത്തിലും വലിയ തുടക്കമാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സമ്മേളനത്തിൽ എല്ലാ വിഷയത്തിലും ചർച്ച നടക്കും. തിരുത്തേണ്ടതെല്ലാം തിരുത്തി മുന്നോട്ട് പോകും. കേരളത്തിൽ ഭരണതുടർച്ചയുള്ള ഘട്ടത്തിലെ രണ്ടാമത്തെ സംസ്ഥാന സമ്മേളനമാണ്. അതിനാൽ ഭാവി കേരളം എങ്ങനെയാകണമെന്നതുൾപ്പെടെയുള്ള ചർച്ച സമ്മേളനത്തിലുണ്ടാകും.
പാർട്ടിക്ക് എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നതിൽ ധാരണയുണ്ട്. പാർട്ടി നാടിന്റെ വികസനത്തിന് വേണ്ടത് ചെയ്യും. ഇതിൽ ഒരു നയ വ്യതിയാനവുമില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണുണ്ടാവുക. സർക്കാർ സ്കൂളുകൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലെ മാറ്റം നോക്കൂ. സേവന മേഖലകളിലുൾപ്പെടെ സമഗ്രമാറ്റം കൊണ്ടുവരും. എൽ.ഡി.എഫിനെ പ്രതീക്ഷയോടെയാണ് ജനം കാണുന്നത്. അടിസ്ഥാന മേഖല മറന്നുകൊണ്ടു മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കൊല്ലത്ത് ഇന്ന് രാവിലെ കാടുപിടിച്ച സ്ഥലം കളിക്കളമാക്കിയ ഇടത്തുനിന്നാണ് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളെ കണ്ടത്. കാടുപിടിച്ച് കിടന്ന സ്ഥലം കളിയിടമാക്കി മാറ്റിയാൽ ഏറെ മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് ലഹരി പിടിമുറുക്കിയിരിക്കുന്ന കാലത്ത്. ഇത്തരം പ്രവർത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം.
വി- പാർക്ക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പൊതുഇടങ്ങൾ വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. കളിക്കളത്തിൽ നിന്നും തോൽക്കാൻ പഠിക്കും. ചെറിയ തോൽവി വലിയ ഈഗോയായി മാറുന്ന കാലമാണിന്ന്. ഇത്തരം കളിക്കളങ്ങൾ മനശാസ്ത്രപരമായ നേട്ടംചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.