സി.പി.എം സംസ്ഥാന സമ്മേളനം എറണാകുളത്ത്
text_fieldsതിരുവനന്തപുരം: പാർട്ടി കോൺഗ്രസിന് ആതിഥേയത്വമേകുന്ന സി.പി.എം കേരള ഘടകം അതിന് മുന്നോടിയായുള്ള സമ്മേളനങ്ങളിലേക്ക് കടക്കുന്നു. സംസ്ഥാന സമ്മേളനം 2022 ഫെബ്രുവരിയിൽ എറണാകുളത്ത് നടത്താൻ ധാരണയായി. 36 വർഷത്തിനുശേഷമാണ് സംസ്ഥാന സമ്മേളനത്തിന് എറണാകുളം വേദിയാകുന്നത്. എം.വി. രാഘവെൻറ നേതൃത്വത്തിൽ സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ബദൽരേഖക്ക് സാക്ഷ്യംവഹിച്ചത് 1985ൽ എറണാകുളത്ത് അവസാനം നടന്ന സംസ്ഥാന സമ്മേളനമായിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് ബ്രാഞ്ച്തലം മുതലുള്ള സമ്മേളനങ്ങളിൽ പ്രതിനിധികളുടെ എണ്ണം നിയന്ത്രിക്കാനും ശനിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ ധാരണയായി. ജില്ല സമ്മേളനംവരെ പൊതുസമ്മേളനം ഒഴിവാക്കാനാണ് ധാരണ. സമ്മേളനങ്ങളുടെ തീയതി ആഗസ്റ്റ് 16, 17 തീയതികളിൽ ചേരുന്ന സംസ്ഥാന സമ്മേളനത്തിലാകും തീരുമാനിക്കുക.
പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതോടെ സംസ്ഥാന സമ്മേളനം കൊല്ലത്തോ എറണാകുളത്തോ നടത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു. യു.ഡി.എഫ് മേൽക്കോയ്മയുള്ള ജില്ലയിൽ സമ്മേളനം നടത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് എറണാകുളം തെരഞ്ഞെടുത്തത്.
2021 സെപ്റ്റംബർ 15നും ഒക്ടോബർ 15നും ഇടയിൽ ബ്രാഞ്ച് സമ്മേളനങ്ങളും ഒക്ടോബർ 15 മുതൽ നവംബർ 15 വരെ ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഡിസംബർ 15 വരെ ഏരിയ സമ്മേളനങ്ങളും നടക്കും. ജില്ല സമ്മേളനങ്ങൾ 2022 ജനുവരിയിൽ പൂർത്തീകരിച്ചാവും ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുക. ബ്രാഞ്ച് സമ്മേളനം മുതൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിനിധികളുടെ എണ്ണം നിയന്ത്രിക്കാനാണ് തീരുമാനം. പൊതുസമ്മേളനത്തിന് പകരം 15-20 പേരെ പെങ്കടുപ്പിച്ച് ഒാൺലൈനായി നടത്തുന്ന സമ്മേളനം അതത് ലോക്കൽ കമ്മിറ്റി പരിധിയിലെ പാർട്ടി അംഗങ്ങളുടെ വീടുകളിൽ സംപ്രേഷണം ചെയ്യാനാണ് ആലോചന. സി.പി.എം സംസ്ഥാന ഘടകത്തിൽ വിവിധ കമ്മിറ്റിയിലെ അംഗങ്ങൾക്കുള്ള ഉയർന്ന പ്രായപരിധി 75 വയസ്സായി നിശ്ചയിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം സെക്രേട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.