സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsകൊച്ചി: 'ജയ് പതാകേ, രക്ത പതാകേ നമോ നമസ്തേ വിജയ പതാകേ...' എന്ന ഈരടികൾ അലയടിച്ചുയരുന്ന കൊച്ചി കായലിന്റെ തീരത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് ചെങ്കൊടി ഉയർന്നു.
23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളനത്തിന് എറണാകുളം മറൈൻ ഡ്രൈവിൽ ചൊവ്വാഴ്ച രാവിലെ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. സമ്മേളന പ്രതിനിധികളെയും തടിച്ചുകൂടിയ പാർട്ടിയംഗങ്ങളെയും സാക്ഷിയാക്കി നൂറുകണക്കിന് ബലൂണുകൾ വാനിലേക്കുയർന്നത് നാലുനാൾ നീളുന്ന സമ്മേളനത്തിന് വിളംബരമായി.
പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം ഇ.പി. ജയരാജനും അനുശോചന പ്രമേയം എ.കെ. ബാലനും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ 'ഭാവി കേരളം, നവ കേരളം' സംബന്ധിച്ച സി.പി.എം കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖയും അവതരിപ്പിച്ചു.
സമ്മേളന നഗരിയിൽ പ്രത്യേകം തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ആദ്യം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിന്നീട് വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ജി. രാമകൃഷ്ണൻ തുടങ്ങിയ ക്രമത്തിലായിരുന്നു പുഷ്പാർച്ചന.
ഇ.പി. ജയരാജൻ കൺവീനറായി സൂസൻ കോടി, എ.എ. റഹീം, സച്ചിൻ ദേവ്, ഒ.ആർ. കേളു എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് പ്രസീഡിയം നിയന്ത്രിക്കുന്നത്. ടി.എം. തോമസ് ഐസക് കൺവീനറായ പ്രമേയ കമ്മിറ്റിയിൽ, എ.വിജയരാഘവൻ, എളമരം കരീം, എ.കെ. ബാലൻ, കെ.കെ. ശൈലജ, എം. വിജയകുമാർ, പുത്തലത്ത് ദിനേശൻ, എൻ. ചന്ദ്രൻ, വി.കെ. സനോജ്, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ അംഗങ്ങളാണ്. ക്രഡൻഷ്യൽ കമ്മിറ്റിയെ സി.എസ്. സുജാതയും മിനിറ്റ്സ് കമ്മിറ്റിയെ കെ. വരദരാജനും നയിക്കുന്നു. സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ് പങ്കെടുക്കുന്നത്. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി, വൃന്ദ കാരാട്ട്, ജി. രാമകൃഷ്ണൻ എന്നിവരാണ് പങ്കെടുക്കുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.