സി.പി.എം സംസ്ഥാന സമ്മേളന പ്രമേയം; യു.ജി.സിയെ മറയാക്കി കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയക്കളി
text_fieldsകൊല്ലം: യു.ജി.സിയെ മുൻനിർത്തി ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ രാഷ്ട്രീയക്കളി നടത്തുകയാണെന്ന രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സമ്മേളന പ്രമേയം. മതനിരപേക്ഷ, ജനാധിപത്യ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാനും സ്വകാര്യ കോർപറേറ്റുകൾക്ക് വിദ്യാഭ്യാസമേഖലയെ കൈമാറ്റം ചെയ്യാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് യു.ജി.സി കരട് ഭേദഗതി. കേന്ദ്ര സർവകലാശാലകളിൽ നടപ്പാക്കിവരുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾ സംസ്ഥാന സർവകലാശാലകളിലും കടത്തിക്കൊണ്ടുവരാനാണ് ശ്രമം. ചാൻസലർമാരായ ഗവർണർമാരെ ഉപയോഗിച്ച് സർവകലാശാല ഭരണത്തിൽ ഇടപെടാനും കാവിവത്കരണം നടപ്പിലാക്കാനും കഴിയും.
വൈസ് ചാൻസലർ നിയമനവും അധ്യാപക നിയമനങ്ങളും പൂർണമായും സംഘ്പരിവാർ നിയന്ത്രണത്തിലാക്കാം. ചട്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപത്തിൽ സംസ്ഥാന സർവകലാശാലകളുടെയും കോളജുകളുടെയും അംഗീകാരം തന്നെ ഇല്ലാതാക്കാം. ഇത്തരത്തിൽ സംസ്ഥാനങ്ങളുടെ അധികാരം കവർന്ന് ഫെഡറലിസത്തെ തകർക്കുന്ന യു.ജി.സി നിയമഭേദഗതിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് പി.കെ. ബിജു അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസമേഖയെ ഇല്ലാതാക്കാൻ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം വേണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസമേഖല വിഷയത്തിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടൽ ഉൾപ്പെടെ പ്രമേയത്തിൽ പ്രതിപാദിക്കുന്നു. യു.ഡി.എഫ് നേതൃത്വം മാധ്യമങ്ങളുടെ സഹായത്തോടെ ഗവർണർക്ക് പിന്തുണ നൽകി എൽ.ഡി.എഫിനെതിരെ കടുത്ത നുണപ്രചാരണങ്ങൾ അഴിച്ചുവിട്ടു. സെനറ്റിലും സിൻഡിക്കേറ്റിലും സംഘ്പരിവാറുകാരെ ഗവർണർ തിരുകിക്കയറ്റിയതിന്റെ പങ്ക് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നോമിനികൾക്കും ലഭിച്ചു. സംസ്ഥാന സർവകലാശാലകൾ കൈപ്പിടിയിലാക്കാൻ സംഘ്പരിവാർ ശ്രമത്തിന്റെ പിന്തുണക്കാരായിട്ടാണ് കേരളത്തിൽ കോൺഗ്രസ് പ്രവർത്തിച്ചതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
സഹകരണമേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും കള്ള പ്രചാരണവേലകൾ തുറന്നുകാണിക്കാനും ലക്ഷ്യമിട്ടുള്ള പ്രമേയം മന്ത്രി വി.എൻ. വാസവൻ അവതരിപ്പിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഇടപെടലിന്റെ ഭാഗമായി മൾട്ടി സ്റ്റോർ സഹകരണ സംഘങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ രജിസ്റ്റർ ചെയ്യുകയാണ്. എവിടെയെങ്കിലും രജിസ്റ്റർ ചെയ്യുന്ന ഇത്തരം സംഘങ്ങൾക്കും എവിടെ വേണമെങ്കിലും പ്രവർത്തിക്കാം എന്ന സ്ഥിതിയാണ്.
സഹകരണ പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഇടപെടൽ ഉണ്ടാകണമെന്നും തെറ്റായ പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കേരളത്തിലെ മലയോര ജനതയുടെ ഭൂപ്രശ്നങ്ങൾക്ക് വേഗത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് കെ.കെ. ജയചന്ദ്രൻ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.