സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും
text_fieldsകൊച്ചി: സ്മാർട്ട് സിറ്റിയെ റെഡ് സിറ്റിയാക്കി സി.പി.എം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ചെങ്കൊടിയുയരും. 37 വർഷത്തിനുശേഷം എറണാകുളം വേദിയാകുന്ന സമ്മേളനത്തിന്റെ ആരവത്തിലാണ് നാടും നഗരവും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം.
രാവിലെ 9.30ന് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ മറൈൻ ഡ്രൈവിലെ ബി. രാഘവൻ നഗറിൽ പതാക ഉയർത്തും. മറൈൻ ഡ്രൈവിൽ പല ഭാഗങ്ങളിലായി 30,000 അടി വരുന്ന പടുകൂറ്റൻ പന്തലിലാണ് സമ്മേളനം. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
തുടർന്ന്, പ്രതിനിധി സമ്മേളനം. 'ഭാവി കേരളം, നവകേരളം' സംബന്ധിച്ച സി.പി.എം കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് അവതരിപ്പിക്കും. ബുധനാഴ്ച പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് 'ഭരണഘടന-ഫെഡറലിസം-മതനിരപേക്ഷത ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി' വിഷയത്തിലെ സെമിനാർ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
കെ. ചന്ദ്രൻപിള്ള അധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവർ പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക സംഗമം പി.ബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പ്രതിനിധി സമ്മേളനശേഷം വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് 1500 പേർ നേരിട്ടും അഞ്ചുലക്ഷം പേർ വെർച്വലായും പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. എറണാകുളം ജില്ലയിലെ 3030 ബ്രാഞ്ച് കേന്ദ്രങ്ങളിൽ ഇതിനായി സ്വാഗതസംഘം ഓഫിസുകൾ തുറന്ന് സംവിധാനം ഒരുക്കിയിട്ടുണ്ട്. റാലിയും കൊടിമര-പതാക ജാഥകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒഴിവാക്കിയാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.