സി.പി.എം സംസ്ഥാന സമ്മേളനം; നേതൃമാറ്റങ്ങൾ എത്രത്തോളം...?
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച കൊല്ലത്ത് അരങ്ങുണരുമ്പോൾ, പാർട്ടിയുടെ തലപ്പത്ത് മാറ്റങ്ങൾ എത്രത്തോളം...? മുൻനിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദൻ തുടരുമെന്നുറപ്പാണ്. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞപ്പോൾ 2022 ഓഗസ്റ്റിലാണ് എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായത്. പിന്നാലെ, പോളിറ്റ് ബ്യൂറോയിലും കോടിയേരിയുടെ പിൻഗാമിയായ എം.വി. ഗോവിന്ദൻ, പാർട്ടി കേരള ഘടകത്തിൽ പിണറായി വിജയന് ശേഷം രണ്ടാമനായാണ് കണക്കാക്കുന്നത്. പാർട്ടിയും സർക്കാറും നല്ല ഇണക്കത്തിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ എം.വി. ഗോവിന്ദന് മാറ്റത്തിന് സാധ്യത ഒട്ടുമില്ല.
സംസ്ഥാനത്ത് പാർട്ടിയുടെ മുഖവും കരുത്തും മുഖ്യമന്ത്രി പിണറായി വിജയനാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെയാകും നായകൻ. ‘നവകേരളത്തിന്റെ പുതുവഴികൾ’ എന്ന ഒരുരേഖ കൊല്ലം സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിക്കുന്നുണ്ട്. മധ്യവർഗത്തിന്റെ പിന്തുണ ആകർഷിക്കാൻ സഹായിക്കുന്ന നയമാറ്റങ്ങളും പരിഷ്കാരങ്ങളുമാണ് രേഖയിൽ പിണറായി മുന്നോട്ടുവെക്കുക. ഒന്നും രണ്ടും പിണറായി സർക്കാറിന്റെ നേട്ടങ്ങൾ മുൻനിർത്തി മൂന്നാം ഭരണത്തുടർച്ചക്ക് വോട്ട് ചോദിക്കാനാണ് സി.പി.എം തീരുമാനം. ആ നിലയിൽ കൊല്ലം സമ്മേളനത്തിന് ശേഷവും പാർട്ടിയിൽ എം.വി ഗോവിന്ദനും പാർലമെന്ററി തലത്തിൽ പിണറായി വിജയനും നിലവിലുള്ള സ്ഥാനങ്ങളിൽ കൂടുതൽ ശക്തരാകും.
79കാരനായ പിണറായി വിജയന് പ്രായപരിധിയിൽ നേരത്തേ പാർട്ടി കോൺഗ്രസ് ഇളവ് നൽകിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന നിലയിൽ ഇളവ് തുടരുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. എന്നാൽ, മുതിർന്ന നേതാക്കളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർ ഇക്കുറി സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് 75 വയസ്സ് പ്രായപരിധി നിബന്ധനയിൽതട്ടി ഒഴിവാകും. ഇ.പി. ജയരാജൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവർക്ക് പ്രായപിരിധി കടമ്പയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടാം. ജയരാജന് മേയിലും രാമകൃഷ്ണന് ജൂണിലുമാണ് 75 തികയുന്നത്. ഇടത് മുന്നണി കൺവീനറെന്ന നിലയിൽ ടി.പി. രാമകൃഷ്ണന് ഇളവിന് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ആനുകൂല്യത്തിൽ ഇ.പി. ജയരാജനും ഇളവ് ലഭിക്കുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.