സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
text_fieldsസി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് പതാക ഉയർത്തിയശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.കെ. ബാലൻ, എസ്. രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, എം.വി. ജയരാജൻ, എ. വിജയരാഘവൻ തുടങ്ങിയവർ മുദ്രാവാക്യം വിളിക്കുന്നു
കൊല്ലം: രക്തപതാക ഉയർത്തി, രക്തസാക്ഷികൾക്ക് രക്താഭിവാദ്യമേകി സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് കൊല്ലത്ത് ഉജ്ജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ടൗൺഹാൾ) കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ചെമ്പതാക ഉയർത്തി.
കഥകളി, ഒപ്പന, മോഹിനിയാട്ടം എന്നിവയുടെ അകമ്പടിയുള്ള നൃത്താവിഷ്കാരത്തിനു പിന്നാലെയാണ് പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, വൃന്ദ കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, അശോക് ദാവ് ലെ, ബി.വി. രാഘവല്ലു, സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മറ്റു കേന്ദ്ര -സംസ്ഥാന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തിയത്.
തുടർന്ന് ബാൻഡ് വാദ്യത്തിന്റെ അകമ്പടിയിൽ സമ്മേളന പ്രതിനിധികൾ പതാകയെ വന്ദിച്ച് ‘ജയിപ്പൂ പതാകേ, രക്ത പതാകേ... ഉയരുക നമ്മുടെ രക്തപതാകേ...’ ഗാനം ആലപിക്കുകയും മുദ്രാവാക്യം വിളിക്കുകയുംചെയ്തു.
മധുരയിൽ നടക്കുന്ന 24 ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സമ്മേളനത്തിന്റെ നഗരിയിൽ 24 കതിനയും പൊട്ടി. രക്തസാക്ഷി സ്തൂപത്തിൽ ആദ്യം പ്രകാശ് കാരാട്ടും തുടർന്ന് മറ്റു പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പുഷ്പചക്രം അർപ്പിച്ചു. സമ്മേളന പ്രതിനിധികൾ മുഷ്ടിചുരുട്ടി രക്താഭിവാദ്യമർപ്പിച്ച് സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി.
എ.കെ. ബാലനെ താൽക്കാലിക അധ്യക്ഷനാക്കിയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുകയും സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതമാശംസിക്കുകയുംചെയ്തു. പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു.
പ്രസീഡിയം, മിനിറ്റ്സ്, പ്രമേയം, ക്രഡൻഷ്യൽ കമ്മിറ്റികളെ തെരഞ്ഞെടുത്തതിനു പിന്നാലെ സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ‘നവ കേരളത്തിനുള്ള പുതുവഴികൾ’ രേഖയും അവതരിപ്പിച്ചു. വൈകീട്ട് ഗ്രൂപ്പ് ചർച്ചയും തുടങ്ങി.
വെള്ളിയാഴ്ച പൊതു ചർച്ചയാണ്. ശനിയാഴ്ച നവകേരള രേഖയുടെ ചർച്ചയും പ്രവർത്തന റിപ്പോർട്ട് ചർച്ചക്കുള്ള മറുപടിയും നൽകും. ഞായറാഴ്ച രാവിലെ നവകേരള റിപ്പോർട്ടിലെ ചർച്ചക്ക് പിണറായി വിജയൻ മറുപടി നൽകും.
തുടർന്ന് സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത് പ്രതിനിധി സമ്മേളനം സമാപിക്കും. വൈകീട്ട് ചുവപ്പ് സേന മാർച്ചും ബഹുജന റാലിയും സീതാറാം യെച്ചൂരി നഗറിൽ (ആശ്രമം മൈതാനം) പൊതുസമ്മേളനവും നടക്കും. 486 പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരുമടക്കം 530 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.