ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് എം.വി.ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ അപകീർത്തികരമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണെന്നും ഇത്തരം നടപടികൾ ഭരണഘടന സംവിധാനത്തിന്‍റെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്നും കാണിച്ച് രാജ്ഭവൻ വാർത്ത കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് പ്രതികരണമായാണ് എം.വി ഗോവിന്ദന്റെ പ്രസ്താവന.
ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമാണെന്നും സർവകലാശാലകളിൽ ആർ.എസ്.എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇതിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്.എഫ്.ഐ ഒരു സ്വാതന്ത്ര വിദ്യാർഥി സംഘടനയാണ്. അവരുടെ സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയാറാകുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച് മറയ്‌ക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. അത് കേരളം അനുവദിച്ചുനൽകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.