കേസ് മുഖ്യമന്ത്രിയുടെ മാനത്തിന് നേർക്കുള്ള ചോദ്യചിഹ്നം
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പാർട്ടി നേതാക്കൾ വെട്ടിൽ. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മകൻ വിവേക് എന്നിവർക്കും മുൻ സ്പീക്കർ പി. രാമകൃഷ്ണൻ, മുൻമന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് എന്നിവർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ഉയർത്തിയത്. ആരോപണം പലകുറി ആവർത്തിച്ചിട്ടും ഇവരാരും ഇതുവരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടില്ല.
ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ സ്വർണം കടത്തി, പിണറായിയും ഭാര്യയും മകളും ചേർന്ന് കേരളം വിറ്റുതുലക്കാൻ ശ്രമിച്ചു തുടങ്ങിയ ആക്ഷേപങ്ങൾ സ്വപ്ന ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മിതമായ ഭാഷയിലുള്ള നിഷേധം മാത്രമാണ് ഇതുവരെ മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. കടകംപള്ളി സുരേന്ദ്രൻ വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ എന്നാണ് സ്വപ്ന പറഞ്ഞത്. ലൈംഗിക ചുവയുള്ള ഫോൺ വിളിയും മെസേജും അയച്ചു, ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ചു. ശല്യം കൂടിയപ്പോൾ പരുഷമായി സംസാരിക്കേണ്ടി വന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.
ഔദ്യോഗിക വസതിയിൽ ഒറ്റക്ക് ചെല്ലാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ശ്രീരാമകൃഷ്ണനെതിരായ ആക്ഷേപം. അത് അദ്ദേഹം നിഷേധിച്ചപ്പോൾ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചു. തോമസ് ഐസക്കിന്‍റെ വീട്ടിൽ ചെന്നപ്പോൾ മുകളിലെ മുറിയിലേക്ക് വരാൻ പറഞ്ഞും മൂന്നാറിൽ യാത്രപോകാൻ ക്ഷണിച്ചും ലൈംഗികതാൽപര്യം പ്രകടിപ്പിച്ചെന്നുമായിരുന്നു ആക്ഷേപം. ആരോപണങ്ങളെല്ലാം നിഷേധിച്ച നേതാക്കൾ പാർട്ടിയുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നാണ് അന്ന് പറഞ്ഞത്. എന്നാൽ, ഇവർ ആരും പാർട്ടിയിൽ നിയമനടപടിക്ക് അനുമതി തേടിയതുപോലുമില്ല.
പിണറായിക്കെതിരായ ആരോപണം പിൻവലിക്കാൻ ആളെ വിട്ട് ഭീഷണിപ്പെടുത്തിയെന്നത് മാത്രമാണ് എം.വി. ഗോവിന്ദനെതിരായ സ്വപ്നയുടെ ആക്ഷേപം. മുഖ്യമന്ത്രിക്കും മറ്റു നേതാക്കൾക്കുമെതിരെ പറഞ്ഞ അത്രയും ഗുരുതരമായ ഒന്നല്ല അത്. എന്നിട്ടും ഗോവിന്ദൻ മാനനഷ്ടത്തിന് കേസിന് പോയത് മടിയിൽ കനമില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരെ വലിയ ചോദ്യചിഹ്നമായി ഉയർന്നുവരുകയാണ്.
കേസിന് പോകുന്നതിൽനിന്ന് നേതാക്കളെ പാർട്ടി വിലക്കിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ സ്വപ്നയോട് ‘ക്ഷമിച്ച്’ പ്രശ്നത്തിൽനിന്ന് തടിയൂരാൻ ആഗ്രഹിക്കുന്ന നേതാക്കൾ സമ്മർദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.