‘ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചാൽ അത് മുസ്‌ലിം വിമർശനമല്ല; വിജയരാഘവൻ പറഞ്ഞതിൽ തെറ്റില്ല’
text_fieldsതിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചാൽ അത് മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ലെന്നും എ. വിജയരാഘവന്‍റെ പ്രസംഗത്തിലെ പരാമർശത്തിൽ തെറ്റില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. പരാമര്‍ശത്തിനൊപ്പം പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. കോൺഗ്രസ് ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
“ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മുസ്‌ലിംകൾക്കെതിരല്ല. ആർ.എസ്.എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുസ്‌ലിം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്‌ലിം വർഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‍ലാമിയും ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐയും നിൽക്കുന്നു.
ജമാഅത്തിന്റെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഇവർ സഖ്യക്ഷികളായാണു പ്രവർത്തിച്ചത്. ഇതു ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും” -എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ ജയിച്ചത് മുസ്‌ലിം വർഗീയവാദികളുടെ പിന്തുണയോടെയാണെന്നായിരുന്നു പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ പരാമർശം.
നേരത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും വിജയരാഘവന്‍റെ പരാമർശത്തെ ന്യായീകരിച്ച് രഗത്തുവന്നിരുന്നു. പാർട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവൻ പ്രസംഗത്തിൽ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വർഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കേരളത്തിൽ ഒരു തരത്തിലുള്ള വർഗീയവാദവും അനുവദിക്കില്ലെന്നും ശ്രീമതി പറഞ്ഞു.
വിജയരാഘവൻ പറഞ്ഞത്
“വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?
കേരളസർക്കാരിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്രസർക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാൻ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. കേരളം നശിച്ചാലും കുഴപ്പമില്ല അവർക്ക്. സൂക്ഷ്മതയോടെ രാഷ്ട്രീയം കോൺഗ്രസ് കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ഗോപി ഡൽഹിയിലെത്തിയതും കേരളത്തിൽ ബി.ജെ.പി വിജയിച്ചതെന്നും വിജയരാഘവൻ ആരോപിച്ചു.
ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തിൽ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നിഗൂഢമായി പ്രവർത്തിക്കുന്ന, സങ്കീർണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആർ.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയിൽ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ ഈ പരാമർശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.