'മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം'; മുമ്പ് കാറ്റുപിടിക്കാതെ പോയ നുണക്കഥകളാണ് ഇപ്പോഴത്തെ രഹസ്യമൊഴികളെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളേയും ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം. രഹസ്യ മൊഴി നല്‍കിയും അതുടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയാകെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴിനൽകിയ സാഹചര്യത്തിലാണ് പ്രസ്താവന.
രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്ന രീതി ബി.ജെ.പി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കുകയാണ്. അതിന്റെ ഫലമായാണ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക് നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായത്. ശരിയായ രീതിയില്‍ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചത്. സ്വര്‍ണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേര്‍ന്നു എന്ന അന്വേഷണം ചില ബി.ജെ.പി നേതാക്കളിലേക്ക് എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകള്‍ രൂപപ്പെടുത്തി മാധ്യമങ്ങളില്‍ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്.
കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ്, തന്റെമേല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. ഇത് കാണിക്കുന്നത് കേസിനെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടായി എന്നതാണ്. കേസിലെ മറ്റ് പ്രതികളും ഇതിന് സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലും അപകീര്‍ത്തികരമായ പ്രസ്‌താവനകളാണ് ഇപ്പോള്‍ സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വളരെ വ്യക്തമാണ്. ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഇപ്പോള്‍ ചിലര്‍ കരുതുന്നത്. ഇത്തരത്തില്‍ നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും -സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.