സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ പുറത്തേക്ക്
text_fieldsകളമശ്ശേരി/കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ പുറത്തേക്ക്. തിങ്കളാഴ്ച ചേർന്ന പാർട്ടി ജില്ല കമ്മിറ്റി യോഗത്തിലാണ് പുറത്താക്കാൻ തീരുമാനമെടുത്തത്. സംസ്ഥാന സെക്രേട്ടറിയറ്റിെൻറ അനുമതി ലഭിക്കുന്നതോടെ ഔദ്യോഗികമായി നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്നാണ് സൂചന.
കളമശ്ശേരിയിൽനിന്നുള്ള പാർട്ടി ബ്രാഞ്ച് സെക്രട്ടറി കെ.കെ. ശിവൻ ജില്ല കമ്മിറ്റിക്ക് നൽകിയ പരാതിയിലാണ് നടപടി. 2019 ജൂൺ 13നാണ് ശിവൻ പരാതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയായിരുന്നു പരാതി. ഇതിൽ അന്വേഷണം നടത്താൻ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ആർ. മുരളി എന്നിവരെ ജില്ല കമ്മിറ്റി ചുമതലപ്പെടുത്തി. ഇവർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിെൻറ ഭാഗമായാണ് സക്കീറിനെതിരെ നടപടിക്ക് തീരുമാനിച്ചത്.
അന്വേഷണത്തിൽ സക്കീറിന് കളമശ്ശേരിയിൽ അഞ്ച് വീടുണ്ടെന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. സക്കീറിെൻറ ബന്ധങ്ങളും യാത്രകളും സംബന്ധിച്ച ചില ദുരൂഹതകളും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സക്കീർ ഹുസൈൻ പാർട്ടി ഏരിയ സെക്രട്ടറിയായി ചുമതലയേറ്റശേഷം പല ആരോപണങ്ങളും ഉയർന്നിരുന്നു. യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിൽ വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങി.
അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്തിെൻറ ആത്മഹത്യക്കുറിപ്പിൽ സക്കീറിെൻറ പേര് പരാമർശിക്കപ്പെട്ടതും വിവാദമായിരുന്നു. പാർട്ടിക്ക് ഏറെ പ്രിയപ്പെട്ടവനായിട്ടും അടുത്തിടെ വിവാദങ്ങളിലെ സ്ഥിരം നായകപരിവേഷം സക്കീറിന് വന്നതോടെ നടപടിയെടുക്കാതിരിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
അതേസമയം, സക്കീർ ഹുസൈനെതിെര നടപടിയെടുക്കാൻ തീരുമാനമുണ്ടായിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. നടപടി സംബന്ധിച്ച് ഔദ്യോഗിക വാർത്തക്കുറിപ്പും പുറത്തിറക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.