ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച പാർട്ടിയെ മുൾമുനയിലാക്കിയിയിട്ടും ഇ.പി. ജയരാജനെ പരസ്യമായി തള്ളിപ്പറയാതെ സി.പി.എം. തിങ്കളാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പിക്കെതിരെ വിമർശനമുയർന്നെങ്കിലും നടപടി വേണ്ടെന്നും പരസ്യനിലപാടിൽ പിന്തുണക്കുന്ന സമീപനം മതിയെന്നും ധാരണയിലെത്തുകയായിരുന്നു. ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സി.പി.എം ഇ.പിക്ക് അനുമതി നൽകി.
ഇ.പിക്കെതിരെ മുഖ്യമന്ത്രി പരസ്യമായി ഉന്നയിച്ച വിമർശനങ്ങൾ ശരിയാണെന്നായിരുന്നു യോഗത്തിന്റെ നിലപാട്. പരസ്യമായി തള്ളിപ്പറയാതിരിക്കുമ്പോഴും കൂട്ടുകെട്ടുകളില്‍ ഇ.പി ജാഗ്രത പുലര്‍ത്തണമെന്നും നേരത്തേയും ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നുമുള്ള പിണറായി വിജയന്റെ പരാമർശം ശരിവെക്കുന്നതോടെ ജാഗ്രതക്കുറവുണ്ടായി എന്ന് അംഗീകരിക്കുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി വിഷയം ചൂടേറിയ ചർച്ചയായത്.
ജാവ്ദേക്കറെ കണ്ടതിൽ തെറ്റില്ലെന്നും കൂടിക്കാഴ്ച നിഷ്കളങ്കമായിരുന്നെന്നുമാണ് സെക്രട്ടേറിയറ്റ് യോഗ ശേഷമുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. "രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലും കാണുകയും സംസാരിക്കുകയും ചെയ്യേണ്ടിവരും. അങ്ങനെ കാണുമ്പോഴേക്കും അവസാനിച്ചു പോകുന്ന പ്രത്യയ ശാസ്ത്ര കരുത്ത് മാത്രമേ ഇടതുപക്ഷ നേതാക്കൾക്കുള്ളൂവെന്നത് പൈങ്കിളി ശാസ്ത്രമാണ്. വ്യക്തിപരമായി ഒരാളെ കണ്ടൂവെന്ന് പറഞ്ഞാൽ തെറ്റായി പോയി എന്ന് പറയാൻ മാത്രം എന്ത് ഭ്രാന്താണുള്ളത്. ഇനി മറ്റു നേതാക്കൾ ജാവ്ദേക്കറുമായി കണ്ടാലും കുഴപ്പമില്ല’’ -എന്നതിലേക്ക് വരെ സെക്രട്ടറിയുടെ ന്യായീകരണവും ഉദാരസമീപനവും നീണ്ടു.
ഇ.പിക്കെതിരെ നടപടിക്ക് മുതിരുന്നത് പ്രതിപക്ഷത്തിന് നൽകുന്ന വടിയായിരിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇ.പിയുടെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇ.പിക്കെതിരെ നടപടിയുണ്ടായാൽ മുഖ്യമന്ത്രിയിലേക്കും പ്രതിപക്ഷ ആരോപണമുന നീളും. ഈ സാഹചര്യത്തിലാണ് ഇ.പിയെ പിന്തുണച്ച് മുഖം രക്ഷിക്കലാണ് ഉചിതമെന്ന വിലയിരുത്തലുണ്ടായത്. ജാവ്ദേക്കറെ കണ്ടതിലല്ല, നന്ദകുമാറുമായുള്ള സൗഹൃദമാണ് ഏറെ വിമർശിക്കപ്പെട്ടത്. അദ്ദേഹവുമായുള്ള ബന്ധം നേരത്തേ അവസാനിപ്പിച്ചെന്ന് ഇ.പി യോഗത്തിൽ വിശദീകരിച്ചു. ഇ.പിയെ പാർട്ടി പിന്തുച്ചതിനുപിന്നാലെ കനത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്നും മുഖ്യമന്ത്രിയുടെ ഏജന്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി. ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം സി.പി.എമ്മിനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.