ധാർമികതയുടെ പേരിൽ രണ്ടു തവണ രാജി വെക്കേണ്ടതില്ല; സജി ചെറിയാനെ പിന്തുണച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. മന്ത്രിക്കെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈകോടതി ഉത്തരവിൽ തുടർനടപടി സംബന്ധിച്ച് നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത യോഗത്തിലുണ്ടായ ധാരണ.
ഹൈകോടതി നിർദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ പ്രതിപക്ഷം ഇതിനകംതന്നെ ഉയർത്തിയിട്ടുണ്ട്. അത് അവഗണിക്കാനാണ് സി.പി.എമ്മിന്‍റെ തീരുമാനം.
സജി ചെറിയാൻ മന്ത്രിയായി തുടരുന്നതിൽ ധാർമിക പ്രശ്നമില്ലെന്ന് യോഗത്തിന് ശേഷം നിയമമന്ത്രി പി. രാജീവ് പറഞ്ഞു. മന്ത്രിയായത് കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞത്. അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് അത് വ്യക്തമാക്കുന്നത്.
മന്ത്രിയുടെ പ്രസംഗം സംബന്ധിച്ച് ഹൈകോടതി പരിശോധിച്ചിട്ടില്ല. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. മാത്രമല്ല, സജി ചെറിയാനെ കേൾക്കാതെയാണ് കോടതി ഉത്തരവിട്ടത്. കേസ് വീണ്ടും മേൽകോടതിയിൽ വരുമ്പോൾ സജി ചെറിയാന് നിരപരാധിത്തം കോടതിയെ ബോധിപ്പിക്കാൻ കഴിയുമെന്നും പി. രാജീവ് പറഞ്ഞു.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പുനഃരന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്‍റെ അന്തിമ റിപ്പോർട്ട് റദ്ദാക്കിയ കോടതി, അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്നും നിർദേശിച്ചു.
പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകൾ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിഗമനം തെറ്റാണ്. മാധ്യമപ്രവർത്തകരുടെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ജസ്റ്റിസ് ബച്ചു കുര്യന്‍റെ സിംഗ്ൾ ബെഞ്ച് റദ്ദാക്കി.
2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ പ്രസംഗിച്ചതാണ് വിവാദമായത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പ്രതിവാര രാഷ്ടീയ വിദ്യാഭ്യാസ പരിപാടി 100-ാം വാരം പൂർത്തിയാക്കിയതിന്‍റെ ഭാഗമായ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസംഗം. സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
പ്രസംഗം കേൾക്കാൻ ഹരജിക്കാരൻ ഉണ്ടായിരുന്നില്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നായിരുന്നു മറുപടി. മന്ത്രിയുടെ രണ്ടര മണിക്കൂർ പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞ കാര്യങ്ങൾ മാത്രമാണിതെന്നാണ് സർക്കാറിന്‍റെ വാദം. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുന്നുവെന്ന് വിമർശിച്ചതല്ലാതെ, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നായിരുന്നു കീഴ്വായ്പൂർ പൊലീസിന്‍റെ കണ്ടെത്തൽ.കുന്തം, കുടച്ചക്രം എന്നതുകൊണ്ട് പ്രസംഗത്തിൽ മന്ത്രി ഉദ്ദേശിച്ചതെന്തെന്ന് വാദത്തിനിടെ നേരത്തെ ഹൈകോടതി ചോദിച്ചിരുന്നു. സംവാദമാകാം, എന്നാൽ ഭരണഘടനയുടെ അന്തസ്സത്തയോട് വിയോജിക്കാൻ പൗരന്മാർക്കാകുമോയെന്നും പരാമർശിച്ചു. വാക്കുകൾ ചിലപ്പോൾ പ്രസംഗിച്ചയാൾ ഉദ്ദേശിക്കാത്ത അർഥത്തിലായേക്കാം. ഭരണഘടനയോട് അനാദരം സംശയിക്കുന്ന വേറെയും പ്രയോഗങ്ങൾ പ്രസംഗത്തിലുണ്ടെന്നും കോടതി സൂചിപ്പിച്ചു.പ്രസംഗം വിവാദമായതിന് പിന്നാലെ മന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാൻ രാജിവെച്ചിരുന്നു. തുടർന്ന് ഭരണഘടനാ അവഗഹേളനം നടത്തിയില്ലെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.