പിണറായി പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് സി.പി.എം ഭീഷണി; അന്വേഷിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിൽ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും നീക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന സംഭവം അന്വേഷിക്കണമെന്ന് പൊലീസിനോട് ഹൈകോടതി. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി അടുത്തയാഴ്ച റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
വിഷയം ശ്രദ്ധയിൽപ്പെടുത്തിയ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലും മാധ്യമവാർത്തകളിലും പറയുന്നത് ശരിയാണെങ്കിൽ നിയമരാഹിത്യമാണ് ഉണ്ടായതെന്ന് കോടതി വിമർശിച്ചു. എന്നിട്ടും പൊലീസ് അന്വേഷിച്ചില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ഇതുസംബന്ധിച്ച് നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. തുടർന്നാണ് പൊലീസിന്റെ റിപ്പോർട്ട് തേടിയത്. അനധികൃത ബോർഡുകളും കൊടികളും സംബന്ധിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ബോർഡ് വെക്കാൻ നേതൃത്വം നൽകിയ അഡീ. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ സർക്കാർ സമയംതേടി. ആലുവയിലെ അനധികൃത ബോർഡുകളെക്കുറിച്ച് ഒരു അഭിഭാഷകൻ അറിയിച്ചിട്ടും ഈസ്റ്റ് എസ്.എച്ച്.ഒ നടപടിയെടുത്തില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.
തൃശൂരിലും സമാനസംഭവമുണ്ടായി. ഇതുസംബന്ധിച്ചും ഡി.ജി.പി വിശദീകരണം നൽകണം. അനധികൃത ബോർഡുകൾ സംബന്ധിച്ച് ജനങ്ങൾക്ക് പരാതി നൽകാൻ കോടതി നിർദേശിച്ച വെബ്സൈറ്റിന്റെ കാര്യത്തിൽ പുരോഗതി അറിയിക്കണം. അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഓൺലൈനായി ഹാജരാകണം.
അനധികൃത ബോർഡുകളുടെ കാര്യത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായതിനെത്തുടർന്ന് ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. ജനങ്ങൾ ഒപ്പംനിൽക്കുന്നുണ്ട്. പുതിയ കേരളത്തിലേക്കുള്ള മാറ്റമാണിത്. ഭയംമൂലമാണ് ജനം പ്രതികരിക്കാത്തത്. ജനം ഭയത്തോടെ ജീവിക്കേണ്ടി വരുന്നതാണ് ഫാഷിസമെന്നും ഭയമില്ലാതെ കഴിയാനാവുന്നതാണ് ജനാധിപത്യമെന്നും കോടതി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.