പുതുപ്പള്ളിയിൽ പ്രവർത്തനം സജീവമാക്കി സി.പി.എം; സംസ്ഥാന നേതാക്കൾക്ക് ചുമതല നൽകി
text_fieldsസ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല വിഭജിച്ച് നൽകി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലകളും നൽകി. ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ (പ്രത്യേക ക്ഷണിതാവ്) കെ.ജെ. തോമസിന് അകലക്കുന്നം, അയർകുന്നം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാറിന് മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയുമായ എ.വി. റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതലയാണുള്ളത്. ജില്ല കമ്മിറ്റി അംഗങ്ങൾക്കും പഞ്ചായത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജില്ല കമ്മിറ്റി അംഗം ജെയ്ക് സി. തോമസിനോട് മണർകാട് പഞ്ചായത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നിർദേശം.
തെരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകളിൽ ഇന്ന് മുതൽ ബ്രാഞ്ച് കമ്മിറ്റികളുടെ യോഗം ചേരും. രണ്ടാഴ്ചക്ക് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം മുതൽ മുകളിലേക്കുള്ള നേതാക്കളും പങ്കെടുക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിക്കാനാണ് നേതാക്കൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയ നിർദേശം. സ്ഥാനാർഥിയായി ജെയ്ക് സി.തോമസിന്റെ പേരിനാണ് മുന്തൂക്കം. ജെയ്ക് രണ്ടാം തവണ മത്സരിച്ച കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.