മാപ്പ് പറയിച്ച് മാസപ്പടി മറികടക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സി.എം.ആർ.എല്ലിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപക്ക് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജി.എസ്.ടിയും ഐ.ജി.എസ്.ടിയും അടച്ചെന്ന് നികുതി വകുപ്പ് വ്യക്തമാക്കിയത് ആയുധമാക്കി മാസപ്പടി വിവാദം മറികടക്കാനുറച്ച് സി.പി.എം ആരോപണമുന്നയിച്ച മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നാണ് സി.പി.എം ആവശ്യം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനാണ് ആദ്യമെത്തിയത്. പിന്നാലെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമും.
സേവനം നൽകാതെ പണം വാങ്ങിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെറ്റ് ബോർഡിന്റെ ഗുരുതര കണ്ടെത്തലിനെ വീണയുടെ കമ്പനിയായ എക്സാലോജിക് ജി.എസ്.ടി അടച്ചെന്ന് സ്ഥാപിച്ച് ലഘൂകരിക്കാനും രാഷ്ട്രീയ വിജയമായി ആഘോഷിക്കാനുമാണ് സി.പി.എം ശ്രമം. വിവാദമുയർന്നതു മുതൽ പിന്തുടർന്നിരുന്ന പ്രതിരോധ ലൈനിൽനിന്ന് മാത്യുവിനെ കരുവാക്കി പ്രതിപക്ഷത്തിനെതിരെ ആക്രമണ ലൈനിലേക്ക് സി.പി.എം മാറുന്നുവെന്ന സൂചനയും നേതാക്കളുടെ സ്വരത്തിലുണ്ട്.
വീണ നികുതിയടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്ന് കുഴൽനാടാൻ വ്യക്തമാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വലിയ ആവേശത്തോടെ ഏറ്റെടുത്ത വിഷയം അടിസ്ഥാനരഹിതമായിരുന്നെന്നു സ്ഥാപിക്കാൻ കൂടിയാണ് മാപ്പ് ആവശ്യം. ബോർഡിന്റെ കണ്ടെത്തലിന് കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകിയിട്ടില്ല. പകരം കേന്ദ്ര സർക്കാറിലെ ഉദ്യോഗസ്ഥർ എഴുതിവിട്ടതാണെന്ന രാഷ്ട്രീയ പ്രതിരോധമാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്.
അതേസമയം, വീണക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും പറഞ്ഞതില്‍നിന്ന് ഒളിച്ചോടില്ലെന്നും മാത്യു കുഴല്നാടന് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയും.
വിശദമായി പരിശോധിച്ച ശേഷം മറുപടി നല്‍കുമെന്നും അതിനു ശേഷം മാപ്പ് പറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ അപേക്ഷയിലാണ് ‘എക്സാലോജിക് നിയമപ്രകാരം ഒടുക്കേണ്ട നികുതി ഒടുക്കിയെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജി.എസ്.ടി വകുപ്പ് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.