കിഫ്ബി: ഇ.ഡി നീക്കത്തെ നേരിടാൻ സി.പി.എം
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.എം തീരുമാനം. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ തീരുമാനം ദൗർഭാഗ്യകരമാണെന്നും പാർട്ടി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഇ.ഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പുവരെ സംസ്ഥാനത്തെ എല്ലാ വികസനപ്രവർത്തനങ്ങളും സ്തംഭിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.
നിയമവശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകും. ഇ.ഡിക്ക് മുന്നിൽ ഒരിക്കലും ഹാജരാകില്ലെന്ന നിലപാട് പാർട്ടിക്കില്ല.
രാജ്യത്ത് പല കോൺഗ്രസ് സർക്കാറുകളെയും ഇ.ഡിയെ ഉപയോഗിച്ച് അട്ടിമറിച്ചു. അതേലക്ഷ്യത്തോടെയാണ് കേരളത്തിലും കേന്ദ്രസർക്കാർ നീങ്ങുന്നത്. സംസ്ഥാന സർക്കാറിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ കയറൂരി വിട്ടതിന്റെ തുടർച്ചയാണ് തോമസ് ഐസക്കിനുള്ള നോട്ടീസ്. സംസ്ഥാന വികസനത്തിൽ നിർണായക പങ്കുള്ള കിഫ്ബിയെ തകർക്കുകയാണ് ലക്ഷ്യം. ഇ.ഡിയുടെ കാര്യത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനം സ്വാഗതാർഹമാണ്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തപ്പോഴാണ് കോണ്ഗ്രസ് ഞെട്ടിയുണർന്നത്.
യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ തീരുമാനത്തിന് പിന്നാലെ ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരനും പേഴ്സനൽ സ്റ്റാഫിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിക്കുകയാണ്.
മുഖ്യമന്ത്രിയെ ആക്രമിച്ചാൽ തടയുന്നത് കുറ്റമെന്ന നിലയിലാണ് കാര്യങ്ങൾ. നിലപാട് തിരുത്താൻ ഇൻഡിഗോ തയാറാകണം. ഇനി ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യില്ലെന്നത് ജയരാജന്റെ വ്യക്തിപരമായ തീരുമാനമാണ്.
എ.കെ.ജി സെന്റർ ആക്രമണ കേസ് സി.പി.എമ്മിനെതിരായ പ്രചാരണമാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചിലരുടെ പേരുകൾ അന്തരീക്ഷത്തിൽ പ്രചരിപ്പിച്ച് പൊതുജനമധ്യത്തിൽ ആക്ഷേപിക്കാനുള്ള ശ്രമം ശരിയല്ല.
പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.