പാലക്കാട്ട് വസീഫിനെ രംഗത്തിറക്കാൻ സി.പി.എം; കോൺഗ്രസ് ടിക്കറ്റിൽ രാഹുലോ ബൽറാമോ ഗോദയിലിറങ്ങും
text_fieldsതിരുവനന്തപുരം: കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. ഇരു മണ്ഡലങ്ങളിലും യുവനേതാക്കളെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ ആയിരിക്കും സ്ഥാനാർഥിയെന്ന് നേരത്തേ ഷാഫി പറമ്പിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ പലർക്കും അസ്വാരസ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന് പരിഹാരമായിട്ടുണ്ട്.
അതേസമയം, സി.പി.എം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെ സ്ഥാനാർഥിയാക്കിയേക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ സി.പി.എം നേതാവ് ഇ.കെ. ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യയുമായ കെ.ബിനുമോളെയും പരിഗണിക്കുന്നുണ്ട്.
ബി.ജെ.പിയിൽ സി. കൃഷ്ണകുമാറിനും ശോഭാ സുരേന്ദ്രനും സാധ്യതയുണ്ട്. അതിനിടെ, ചേലക്കരയിൽ രമ്യ ഹരിദാസിന് ഒരസവരം കൂടി നൽകണമെന്നും കോൺഗ്രസിൽ ആവശ്യമുയരുന്നുണ്ട്. കെ. തുളസി, ശിവൻ വീട്ടിക്കുന്ന് എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. കെ. രാധാകൃഷ്ണന് വേണ്ടി വഴിമാറിയ യു. പ്രദീപിനെയാകും ചേലക്കരയിൽ സി.പി.എം പരിഗണിക്കുക. തിരുവില്വാമലയിലെ പ്രാദേശിക നേതാവ് രാധാകൃഷ്ണനെയാകും ബി.ജെ.പി മത്സരിപ്പിക്കുക.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇടതു സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രിയങ്കക്കെതിരെ ആനിരാജ മത്സരിക്കാനുണ്ടാകില്ലെന്നാണ് കരുതുന്നത്. എം.ടി. രമേശിനെയാകും ബി.ജെ.പി മത്സരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.