മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ പിടിമുറുക്കാൻ സി.പി.എം; പ്രവർത്തന മാർഗരേഖ തയാറാക്കും
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ ഒാഫിസിന് മേൽ നിയന്ത്രണം മുറുക്കാൻ സി.പി.എം മന്ത്രിമാർക്കും പേഴ്സനൽ സ്റ്റാഫിനും പ്രവർത്തന മാർഗരേഖ തയാറാക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു. കഴിഞ്ഞ സർക്കാറിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് അടക്കം വിവാദങ്ങളിൽപെടുകയും ചില മന്ത്രിമാരുടെ ഒാഫിസിനെ കുറിച്ച് പരാതി ഉയരുകയും ചെയ്തതിനാലാണ് തുടക്കത്തിലെ മുൻകരുതൽ സ്വീകരിക്കുന്നത്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി കഴിവതും പാർട്ടി അംഗങ്ങൾ മുതൽ സംസ്ഥാന സമിതിയംഗങ്ങൾ വരെയുള്ളവരെ നിയമിക്കും.
കോവിഡ് മഹാവ്യാപന സാഹചര്യത്തിൽ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ വകുപ്പിൽ മന്ത്രി വീണ ജോർജിെൻറ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന സമിതിയംഗവും എ.കെ.ജി സെൻറർ സെക്രട്ടറിയുമായിരുന്ന കെ. സജീവനെ നിയമിച്ചു. കഴിഞ്ഞ സർക്കാറിൽ ആരോഗ്യമന്ത്രിയുടെ ഒാഫിസിനെ ചുറ്റി ചില ആക്ഷേപം വന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി.
തദ്ദേശ, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദെൻറ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം കാസർകോട് ജില്ല സെക്രേട്ടറിയറ്റംഗം ഡോ. വി.പി.പി. മുസ്തഫയെ നിയമിച്ചതായും അറിയുന്നു. മറ്റ് സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമനത്തിലും ഇതേ മാനദണ്ഡമായിരിക്കും. അനിവാര്യതയുണ്ടെങ്കിൽ മാത്രമേ മാറ്റം ഉണ്ടാവൂ.
മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ 50 ശതമാനം പാർട്ടി നിയമനവും ബാക്കി സർക്കാർ സർവിസിൽ നിന്നുള്ള ഡെപ്യൂേട്ടഷനും ആക്കാനും ധാരണയായി. പേഴ്സനൽ സ്റ്റാഫിെൻറ എണ്ണം കഴിഞ്ഞ തവണത്തേതുപോലെ 25 ആയി നിലനിർത്തും. സർക്കാർ സർവിസിൽനിന്ന് ഡെപ്യൂേട്ടഷനിൽ വരുന്നവരുടെ പ്രായം 51 കഴിയാൻ പാടില്ലെന്നും തീരുമാനിച്ചു.
ഇങ്ങനെ വരുന്ന ചിലർ വിരമിച്ചശേഷവും സർക്കാർ ശമ്പളം വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. ചില അനിവാര്യ സാഹചര്യത്തിൽ ഇളവ് നൽകിയേക്കും. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ബോർഡ്, കോർപറേഷനുകളിൽ അധ്യക്ഷ പദവിയിൽ അടക്കം നിയമിതരായവർക്ക് ഭരണത്തുടർച്ചയുടെ സാഹചര്യത്തിൽ കാലാവധി പൂർത്തീകരിക്കാനും അനുമതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.