സ്ഫോടനചർച്ചകൾ അവഗണിച്ച് നിശ്ശബ്ദമാക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനം അധികം ചർച്ചയാക്കാതെ മറ്റു വിഷയങ്ങളിലേക്ക് പ്രചാരണം വഴിതിരിച്ചുവിടാൻ സി.പി.എം നീക്കം. സംഭവത്തിലെ പാർട്ടി ബന്ധം കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രചാരണം കടുപ്പിച്ചതോടെയാണ് പ്രാദേശിക വിഷയങ്ങൾ ചർച്ചയാക്കാനും സ്ഫോടന ചർച്ചകൾ അവഗണിക്കാനും തീരുമാനിച്ചത്. പൊതുയോഗങ്ങളിൽ ‘പാനൂരി’ൽ അധിക വിശദീകരണം വേണ്ടതില്ലെന്നാണ് നിർദേശം.
സംഭവവുമായുള്ള ബന്ധം നിഷേധിക്കുമ്പോഴും പുറത്തുവരുന്ന തെളിവുകൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ്. ആരോപണമുയർന്ന ഘട്ടത്തിൽ കോൺഗ്രസും ബി.ജെ.പിയും പ്രതിസ്ഥാനത്തുള്ള സമാന സംഭവങ്ങൾ ഉയർത്തിയായിരുന്നു ചെറുത്തുനിൽപ്പ്. അതേസമയം, ഈ ലൈൻ ഫലത്തിൽ ആക്രമണത്തിനുള്ള അംഗീകാരമായി വ്യാഖ്യാനിക്കുമെന്നതിനാൽ ഇതിൽനിന്ന് പിന്നാക്കം പോവുകയായിരുന്നു. വിഷയം അവഗണിക്കുന്നതിലൂടെ ചർച്ച ഒഴിവാകുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. വടകരയിലടക്കം തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരായ മുദ്രാവാക്യം ചർച്ചയാക്കുകയാണ് സി.പി.എം. കൂടുതൽ സൈബർ സംഘങ്ങളെ വടകരയിലേക്ക് നിയോഗിച്ചിട്ടുണ്ട്. സി.എ.എയിലടക്കം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പ്രചാരണ രംഗത്ത് മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിത പ്രഹരമായി പാനൂർ സംഭവമുണ്ടായത്.
അതേസമയം, സ്ഫോടനത്തിൽ മരിച്ചയാളുടെ വീട് നേതാക്കൾ സന്ദർശിച്ചതു സംബന്ധിച്ച നിലപാടിൽ അവ്യക്തത തുടരുകയാണ്. ആദ്യം നിഷേധിക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്തിരുന്നു.
മരിച്ച വീടുകളില്‍ പോകുന്നത് സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്നും അതിന്റെ അര്‍ഥം അവര്‍ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല, മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാല്‍ മതി’ എന്നുമായിരുന്നു ചൊവ്വാഴ്ച മുഖ്യമന്ത്രി വിശദീകരിച്ചത്. രക്ഷാപ്രവർത്തനം നടത്താനെത്തിയവരെ പൊലീസ് പ്രതിചേർത്തെന്ന നിലയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത് വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഇതിനിടെ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി. കലാപത്തിന് പാർട്ടി ആഹ്വാനം ചെയ്യുന്നെന്നും പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി.പി വധക്കേസുമായി ബന്ധിപ്പിച്ച് സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയം ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.