തുടർ സെമിനാറുകൾ രാഷ്ട്രീയായുധമാക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: ഏക സിവിൽകോഡ് സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് പരസ്യമായി തള്ളിയെങ്കിലും പ്രതീക്ഷ കൈവിടാതെ ശ്രമം തുടരാനുറച്ച് സി.പി.എം. കോഴിക്കോട്ട് ശനിയാഴ്ച നടക്കുന്ന സെമിനാർ മാതൃകയിൽ എല്ലാ ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കാനും അവയിലേക്കെല്ലാം ലീഗിനെ ക്ഷണിക്കാനുമാണ് വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
അതേസമയം, ഇവയിലേക്കൊന്നും കോൺഗ്രസിനെ ക്ഷണിക്കേണ്ടതില്ലെന്ന മുൻനിലപാട് തുടരും. ഏക സിവിൽകോഡ് വിഷയത്തിൽ ദേശീയതലത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന കാര്യം അവതരിപ്പിച്ച് പ്രചാരണം ശക്തമാക്കും.
ഫലത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലാത്തതിനാലാണ് ക്ഷണിക്കാത്തതെന്നതും ലീഗിന് നിലപാടുള്ളത് കൊണ്ടാണ് ആദ്യം നിരസിച്ചിട്ടും ആവർത്തിച്ച് ക്ഷണിക്കുന്നതെന്നതും വരുത്തിത്തീർക്കലാണ് ലക്ഷ്യം. സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് മുസ്ലിം ലീഗിന്റെ തീരുമാനം മാത്രമാണെന്നാണ് സി.പി.എം നിലപാട്. ഈ മാസം 22ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലും വിഷയം പരിഗണിക്കും. ലീഗിനെ സെമിനാറുകളിലേക്ക് ക്ഷണിക്കുന്നതിൽ മറ്റ് താൽപര്യങ്ങളില്ലെന്ന് ഘടകകക്ഷികളെ ബോധ്യപ്പെടുത്താനാകും മുന്നണി യോഗത്തിലെ സി.പി.എം ശ്രമം.
ശബരിമല വിവാദകാലത്ത് രൂപവത്കരിച്ച നവോത്ഥാന സംരക്ഷണ സമിതിയെയും ഏക സിവിൽകോഡ് വിഷയത്തിലെ ആശയ പ്രചാരണ പരിപാടിയുടെ ഭാഗമാക്കാനാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. ഇതുവഴി ഏക സിവിൽകോഡിനെതിരായ പ്രചാരണപരിപാടികൾക്ക് പുരോഗമന, മതനിരപേക്ഷ സ്വഭാവം കൈവരുത്താനാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ശനിയാഴ്ച നടക്കുന്ന സെമിനാറിലേക്ക് നവോത്ഥാന മൂല്യസംരക്ഷണസമിതി നേതാക്കൾക്കും ക്ഷണമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലടക്കം മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയാർജിക്കാനാവും വിധമുള്ള ഇടപെടൽ ശക്തിപ്പെടുത്തലാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.