ഗവർണറുടെ പോര് ദേശീയ ചർച്ചയാക്കാൻ സി.പി.എം
text_fieldsന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാറിനെതിരെ ഉയർത്തുന്ന ഭീഷണി നേരിടാൻ സി.പി.എം. സർക്കാറിന് കൂച്ചുവിലങ്ങിടാൻ രാജ്ഭവനിൽ ബി.ജെ.പി കുടിയിരുത്തിയവർ ശ്രമിക്കുന്ന വിഷയം ദേശീയതലത്തിൽ ഉയർത്തി പ്രതിപക്ഷ പിന്തുണ നേടാൻ ശ്രമിക്കും.
ശനിയാഴ്ച തുടങ്ങിയ മൂന്നുദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഗവർണറുടെ നടപടിയിൽ കടുത്ത അമർഷമാണ് ഉയർന്നത്. ഭീഷണി വകവെക്കരുതെന്ന കാര്യത്തിൽ അംഗങ്ങൾക്ക് ഏകാഭിപ്രായം. വൈസ് ചാൻസലർ പ്രശ്നത്തിനുപിന്നാലെ ധനമന്ത്രിയോടുള്ള 'പ്രീതി' പിൻവലിച്ച ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കം മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു. ധനമന്ത്രി രാജിവെക്കുന്ന പ്രശ്നമില്ല. സി.പി.എമ്മിനും സർക്കാറിനും ജനപിന്തുണയും നിയമ പിന്തുണയും ലഭിക്കുമെന്നും അത് പ്രയോജനപ്പെടുത്തണമെന്നുമാണ് പൊതുവികാരം. പൊതുതെരഞ്ഞെടുപ്പിലേക്ക് ഒന്നരവർഷം മാത്രം ബാക്കിനിൽക്കേ, സംഘടനാപരമായ ഒരുക്കങ്ങളും മുന്നണി രൂപവത്കരണത്തിൽ വഹിക്കാൻ കഴിയുന്ന പങ്കും കേന്ദ്രകമ്മിറ്റി ചർച്ചചെയ്യുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ പ്രാദേശികതലത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾ മുൻനിർത്തി വ്യക്തമായ നിർദേശങ്ങൾ സംസ്ഥാന നേതൃത്വത്തിന് നൽകിയേക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തുന്ന കാര്യവും ചർച്ചയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.