മരംവെട്ട് കേസ്: അന്വേഷണം പൂർത്തിയായിട്ട് പ്രതികരിക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: വിവാദ മരംവെട്ട് കേസിൽ സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം പൂർത്തിയായശേഷം പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കാമെന്ന നിലപാടിൽ സി.പി.എം.
പ്രതിപക്ഷ ആരോപണങ്ങൾക്ക് ഉൗർജം നൽകുന്ന നിലയിെല പ്രതികരണം പാടില്ല. ഇൗ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മരംമുറി വിഷയം ചർച്ച ചെയ്തില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പട്ടയഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കണമെന്ന നിലപാടാണ് പാർട്ടിയുടെത്. ഇടുക്കി, വയനാട് ജില്ല കമ്മിറ്റികളിൽനിന്ന് നേരത്തേ ഇക്കാര്യത്തിൽ ആവശ്യമുയർന്നതാണ്. എല്ലാ രാഷ്ട്രീയകക്ഷികൾക്കും സമാന നിലപാടായിരുന്നു.
യു.ഡി.എഫും ബി.ജെ.പിയും ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്ന് പാർട്ടി വിലയിരുത്തി. ജില്ലതലങ്ങളിൽ വിശദമായ തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങൾ ചേരാൻ യോഗം തീരുമാനിച്ചു. ആക്ഷേപങ്ങളുയർന്ന മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അവലോകനങ്ങൾ നടത്തും. ഓരോ ജില്ലയിലും മൂന്ന് വീതം സെക്രട്ടേറിയറ്റംഗങ്ങൾ പങ്കെടുത്താകും യോഗങ്ങൾ ചേരുക.
പാർട്ടി ബ്രാഞ്ച്തല സമ്മേളനങ്ങൾ ജൂലൈയിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ സമ്മേളനം എങ്ങനെ നടത്താനാകുമെന്ന് പാർട്ടി പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മതസംഘടനകളിൽനിന്ന് ഉയർന്ന ആവശ്യവും സെക്രേട്ടറിയറ്റ് പരിഗണിച്ചു.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപ്തി വർധിപ്പിക്കുമെന്ന വിദഗ്ധസമിതിയുടെ വിലയിരുത്തൽ യോഗം അംഗീകരിച്ചു. കോവിഡ് വ്യാപനതോത് താഴുന്നതിനനുസരിച്ച് വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയം തുറക്കുന്നത് പരിഗണിക്കാം. ഇക്കാര്യത്തിൽ സർക്കാർ യുക്തിസഹമായ നടപടി സ്വീകരിക്കട്ടെയെന്ന നിലപാടാണ് സി.പി.എമ്മിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.